ഇസ്രായേല്‍ തിരിച്ചയച്ച ഗ്രേറ്റ തുംബര്‍ഗ് പാരീസിലെത്തി; 'ഫലസ്തീനികള്‍ക്കുള്ള ഞങ്ങളുടെ വാഗ്ദാനം നിറവേറ്റും'
ഫലസ്തീനിലും പ്രത്യേകിച്ച് ഗസയിലും ഇപ്പോള്‍ ആളുകള്‍ കടന്നുപോകുന്ന സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്രായേലില്‍ ഞങ്ങള്‍ നേരിട്ടത് ഒന്നുമല്ലെന്നും ഗ്രേറ്റ വ്യക്തമാക്കി.
പാരിസ്: ഫ്രീഡം ഫ്‌ലോട്ടില കപ്പലില്‍ ഗസയിലേക്ക് സഹായവുമായെത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് അടക്കമുള്ള നാല് ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ച് ഇസ്രായേല്‍. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് ഗ്രേറ്റ തുംബര്‍ഗ് ഇറങ്ങിയത്. ഇവിടെ മാധ്യമങ്ങളെ കണ്ട, തുംബര്‍ഗ് പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇനിയും തുടരുമെന്നും വ്യക്തമാക്കി.
'' നിയമവിരുദ്ധമായാണ് ഞങ്ങളെ അക്രമിച്ച് ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് തടവിലാക്കി. ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഏതാനും പേര്‍ ഇപ്പോഴും അവിടെയുണ്ട്. അവരുടെ കാര്യത്തില്‍ വലിയ അനിശ്ചിതത്വങ്ങളുണ്ട്''- ഗ്രേറ്റ പറഞ്ഞു. ഫലസ്തീനിലും പ്രത്യേകിച്ച് ഗസയിലും ഇപ്പോള്‍ ആളുകള്‍ കടന്നുപോകുന്ന സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്രായേലില്‍ ഞങ്ങള്‍ നേരിട്ടത് ഒന്നുമല്ലെന്നും ഗ്രേറ്റ വ്യക്തമാക്കി.
'ഗസയിലെത്തി സഹായം വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ ദൗത്യത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ഞങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു. ഞങ്ങള്‍ ഇവിടംകൊണ്ട് അവസാനിപ്പിക്കില്ല എന്നത് ഉറപ്പാണ്. ഫലസ്തീനികള്‍ക്കുള്ള ഞങ്ങളുടെ വാഗ്ദാനമാണിത്, കഴിയുന്നതെല്ലാം തുടര്‍ന്നും ചെയ്യാന്‍ ശ്രമിക്കും''- ഗ്രേറ്റ കൂട്ടിച്ചേര്‍ത്തു. പാരീസില്‍ നിന്നും സ്വദേശമായ സ്വീഡനിലേക്ക് ഗ്രേറ്റ പോകും.
ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഗ്രേറ്റയെ വിമാനത്തില്‍ കയറ്റി അയക്കുന്ന ചിത്രം ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം തിരിച്ചയക്കല്‍ രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ച എട്ട് ആക്ടിവിസ്റ്റുകളാണ് ഇസ്രായേലില്‍ തുടരുന്നത് എന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ റിമ ഹസനും ഇതില്‍ ഉള്‍പ്പെടും. ഇവരെ റാംലെയിലെ ഗിവോണ്‍ ജയിലിലേക്ക് മാറ്റിയതായാണ് റിപോര്‍ട്ടുകള്‍.
ഗസയിലെ ഇസ്രായേലിന്റെ പട്ടിണിക്കൊല ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കാനാണ് ഫ്രീഡം ഫ്‌ലോട്ടില സഖ്യം മാദ്ലീന്‍ എന്ന നൗകയില്‍ ഇറ്റലിയില്‍ നിന്നും ഗസയിലേക്ക് യാത്ര തിരിച്ചത്. ഗസയിലെത്തും മുമ്പെ ഇസ്രായേല്‍ ഇവരെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയായിരുന്നു.
