അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ നീളും, ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു

Update: 2025-10-07 06:46 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ നീളും. ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. 52-42 വോട്ടിനാണ് ബില്‍ പരാജയപ്പെട്ടത്. നൂറംഗ സെനറ്റില്‍ ബില്‍ പാസ്സാകാന്‍ 60 വോട്ടുകള്‍ വേണം. റിപ്പബ്ലിക്കന്‍ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിലുള്ള പ്രധാനപ്പെട്ട തര്‍ക്കം ആരോഗ്യ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട വിഷയത്തിലാണ്.വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കുന്നതിനായി ഒബാമ കെയര്‍ ഉറപ്പു നല്‍കുന്ന സബ്സിഡി ഇല്ലാതാകരുത് എന്നതാണ് ഡെമോക്രാറ്റ് നേതാക്കളുടെ പ്രധാന വാദം. വിഷയത്തില്‍ ഡെമോക്രാറ്റുകളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി

അതേസമയം സാമ്പത്തിക അടച്ചുപൂട്ടല്‍ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.ഈ രാഷ്ട്രീയ സ്തംഭനം തുടരുന്നതോടെ, ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടിവരുന്ന സാഹചര്യം തുടരുകയാണ്. പ്രധാന സര്‍ക്കാര്‍ സേവനങ്ങളും താളം തെറ്റുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും സാധാരണ ജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു.