ഗോഡ്ഫാദര്‍' താരം റോബര്‍ട്ട് ഡുവല്‍ അന്തരിച്ചു

Update: 2026-02-17 07:34 GMT

ലണ്ടന്‍: 'ദ് ഗോഡ്ഫാദര്‍', 'അപ്പോക്കലിപ്സ് നൗ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഓസ്‌കര്‍ ജേതാവ് റോബര്‍ട്ട് ഡുവല്‍ (95) അന്തരിച്ചു. വെര്‍ജീനിയയിലെ മിഡില്‍ ബര്‍ഗിലുള്ള വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്ച ഭാര്യ ലൂസിയാനയാണ് മരണവിവരം അറിയിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. 1963 ല്‍ ടു കില്‍ എ മോക്കിങ് ബേര്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ഡുവല്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

'എന്റെ പ്രിയപ്പെട്ട ഭര്‍ത്താവും സുഹൃത്തും ഏറ്റവും മികച്ച നടന്മാരിലൊരുളുമായ ബോബ് വീട്ടില്‍ അന്തരിച്ചു', അദ്ദേഹത്തിന്റെ ഭാര്യ ലൂസിയാന കുറിച്ചു. ആറ് തവണ ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ 1983 ല്‍ ടെന്‍ഡര്‍ മെഴ്സീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ റോബര്‍ട്ട് ഡുവലിനായിരുന്നു. 1972 ല്‍ ഇറങ്ങിയ ദ് ഗോഡ്ഫാദര്‍ ആണ് ഡുവാലിനെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ക്രൈം ഫിലിമിലെ ക്ലാസിക്കെന്ന് പറയാന്‍ കഴിയുന്ന സിനിമയായിരുന്നു അത്. തിയേറ്ററുകളെ ത്രസിപ്പിച്ചത് അത്രയും അധികമാണ്.

മരിയോ പുസോയുടെ നോവലിനെ ആസ്പദമാക്കി എത്തിയ ചിത്രമായിരുന്നു അത്. വിജയത്തിന് ശേഷം രണ്ടു മൂന്നും ഭാഗങ്ങള്‍ പുറത്തിറങ്ങി. എന്നാല്‍ രണ്ടാം ഭാഗം പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും മൂന്നാം ഭാഗം നിരാശയാണ് നല്‍കിയത്. മാഫിയ കുടുംബത്തിലെ ഐറിഷ് വംശജനായ ടോം ഹേഗന്‍ എന്ന ഉപദേശകനായാണ് ഡുവലെത്തിയത്. അപ്പോക്കലിപ്സ് നൗ വിലെ ലെഫ്റ്റനന്റ് കേണല്‍ വില്യം കില്‍ഗോര്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.സര്‍ഫിംഗ് ഭ്രാന്തനായ ഒരു കേണലിന്റെ വേഷത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ ചിത്രത്തിലെ പ്രകടനത്തിന് ഡുവാലിന്‍ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ചിത്രത്തിലെ ഐ ലവ് ദ സ്‌മൈല്‍ ഓഫ് നാപാം ഇന്‍ ദ മോണിങ് എന്ന ഡയലോഗ് ഇന്നും പ്രശസ്തമാണ്.





Tags: