ഗസ: ജി സി സി അടിയന്തര യോഗം ഇന്ന് ഒമാനില്‍

Update: 2023-10-17 07:51 GMT

മസ്‌കത്ത്: ഗസയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജി.സി.സി മന്ത്രിതല സമിതിയുടെ 43-ാമത് യോഗം ചൊവ്വാഴ്ച ഒമാനില്‍ ചേരും. നിലവില്‍ ജി.സി.സി പ്രസിഡന്റ് സ്ഥാനത്തുള്ള ഒമാന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അടിയന്തര യോഗം ചേരുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസെം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു. ഗാസ മുനമ്പിലെ സംഭവവികാസങ്ങളെയും ഇസ്രായേലിന്റെ ലംഘനങ്ങളെയും കുറിച്ച് ജി.സി.സി അംഗരാജ്യങ്ങളുമായി ചര്‍ച്ചയും കൂടിയാലോചനയും നടത്താനാണ് ഈ അടിയന്തര യോഗം ലക്ഷ്യമിടുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു.

അതിനിടെ, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ നിയര്‍ ഈസ്റ്റ് (യു.എന്‍.ആര്‍.ഡബ്ല്യു.എ) കമീഷണര്‍ ജനറല്‍ ഫിലിപ്പ് സാരിനിയുമായി ഫോണ്‍ വിളിച്ചു. ഗസ മുനമ്പിലേക്ക് മാനുഷികവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്യുന്നത് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

ഫലസ്തീനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സിറിയന്‍ വിദേശകാര്യ മന്ത്രി ഡോ. ഫൈസല്‍ അല്‍ മിഖ്ദാദ്, ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി എന്നിവര്‍ ഫോണിലൂടെ ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ബുസൈമാരുമായും ചര്‍ച്ച ചെയ്തു. ഗസയിലെ ജനങ്ങളുടെ മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആക്രമണം അവസാനിപ്പിക്കുന്നതിനുമുള്ള പ്രാദേശികവും അന്താരാഷ്ട്ര നീതിയുടെയും അടിസ്ഥാനത്തില്‍ സമാധാന മാര്‍ഗം അവലംബിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.






Tags: