ഗസയിലെ വെടിനിര്‍ത്തല്‍; ഈജിപ്ത്-ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ ഇവയാണ്
ഗസ: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അല്‍പ്പം മുമ്പാണ് ഹമാസ് അംഗീകരിച്ചത്. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയിലാണ് ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ബന്ദികളെ മോചിപ്പിക്കുക. കരാറിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. 60 ദിവസത്തെ പ്രാരംഭ വെടിനിര്‍ത്തലാണ് കരാറിന്റെ ഒന്നാം ഘട്ടം.
വടക്കന്‍ കിഴക്കന്‍ ഗസയിലെ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പിന്‍വാങ്ങും. എന്നാല്‍ അല്‍-ഷുജൈയ, ബെയ്റ്റ് ലാഹിയ പട്ടണങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാവും. ജീവപര്യന്തം തടവ് അനുഭവിക്കുന്ന 140 ഫലസ്തീന്‍ തടവുകാരെയും 15 വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ച 60 പേരെയും ഇസ്രായേല്‍ മോചിപ്പിക്കും. ഇതിന് പകരം ജീവിച്ചിരിക്കുന്ന 10 ഇസ്രായേല്‍ തടവുകാരെ മോചിപ്പിക്കും. കൂടാതെ ഗസയില്‍ നിന്ന് തടവിലാക്കപ്പെട്ട 1500 ഫലസ്തീനികളെയും മോചിപ്പിക്കും.
ഓരോ ഇസ്രായേലി തടവുകാരന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ നല്‍കുമ്പോള്‍ 10 ഫലസ്തീനികളുടെ മൃതദേഹങ്ങളും വിട്ടുകൊടുക്കും. 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഹമാസ് കൈമാറുക. തടവിലാക്കപ്പെട്ട എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും നിരുപാധിക മോചനം കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഗസയിലേക്ക് വ്യാപകമായി സഹായങ്ങള്‍ എത്തും. കൂടാതെ ഗസയിലേക്ക് ഇന്ധനം, വെള്ളം വെദ്യുതി എന്നിവയും എത്തും. ആശുപത്രികളുടെ പുനര്‍നിര്‍മാണങ്ങള്‍ നടത്തും. തെക്കന്‍ ഗസയിലെ റഫാ അതിര്‍ത്തി ഗതാഗതത്തിനായി വീണ്ടും തുറക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.ഗസയില്‍ തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരില്‍ പകുതി പേരെ മോചിപ്പിക്കുന്നതിന് പകരം 60 ദിവസത്തേക്ക് ഇസ്രായേല്‍ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും.
കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയില്‍ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്.അതേസമയം ഇസ്രായേല്‍ പുതിയ നിര്‍ദേശത്തോട് യോജിക്കുമോ എന്ന് വ്യക്തമല്ല. ഹമാസ് ആയുധങ്ങള്‍ വച്ച് കീഴടങ്ങണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെടുന്നത്.
