ലണ്ടനില്‍ ഗാന്ധിപ്രതിമ വികൃതമാക്കിയ നിലയില്‍

Update: 2025-09-30 14:13 GMT

ലണ്ടന്‍: അഞ്ജാതര്‍ ലണ്ടനിലെ ഗാന്ധിപ്രതിമ വികൃതമാക്കിയ നിലയില്‍. ടാവിസ്റ്റോക്ക് സ്‌ക്വയറിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയുടെ കീഴിലാണ് ഇന്ത്യ വിരുദ്ധ ഗ്രാഫിറ്റി എഴുത്തുകള്‍ കണ്ടെത്തിയത്. സംഭവത്തെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ശക്തമായി അപലപിച്ചു. അഹിംസയുടെ പൈതൃകത്തിനുനേരെയുള്ള അക്രമമെന്ന് സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിശേഷിപ്പിച്ചു.

'ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറിലുള്ള മഹാത്മഗാന്ധിയുടെ പ്രതിമയെ വികൃതമാക്കിയ സംഭവം അങ്ങേയറ്റം സങ്കടകരമാണ്. സംഭവത്തെ ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യ അപലപിക്കുന്നു. ഇത് വെറുമൊരു വികൃതമാക്കല്‍ മാത്രമല്ല, അഹിംസയ്ക്കുനേരെയുള്ള, മഹാത്മഗാന്ധിയുടെ പൈതൃകത്തിനുനേരെയുള്ള അക്രമമാണ്. സംഭവത്തിനുപിന്നാലെ പ്രാദേശികഭരണക്കൂടവുമായി കര്‍ശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് ഗാന്ധിയുടെ പ്രതിമയെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിവരികയാണ്'', എക്സില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കുറിച്ചു.

സംഭവത്തേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മെട്രൊപൊളിറ്റന്‍ പോലിസും പ്രാദേശിക ഭരണക്കൂടവും അറിയിച്ചു. എല്ലാ വര്‍ഷവും ഗാന്ധിജയന്തി ദിനത്തില്‍ ലണ്ടനിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഭജനും സംഘടിപ്പിക്കാറുണ്ട്. ഫ്രെഡ ബ്രില്ല്യന്റാണ് മഹാത്മഗാന്ധിയുടെ വെങ്കല പ്രതിമയുടെ ശില്‍പ്പി. അടുത്തുള്ള യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍ നിയമവിദ്യാര്‍ഥിയായിരുന്ന ഗാന്ധിയുടെ സ്മരണാര്‍ത്ഥം 1968-ലാണ് സ്‌ക്വയറില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്.