ഗസയിലെ രക്തച്ചൊരിച്ചിലിന് കാരണം ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി
പാരിസ്: ഗസയില്‍ ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(ജിഎച്ച്എഫ്) രക്തച്ചൊരിച്ചില്‍ നടത്തുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരറ്റ്. ജിഎച്ച്എഫിന്റെ പ്രവര്‍ത്തനം ഉടന്‍ ഗസയില്‍ അവസാനിപ്പിക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിക്കോസിയയില്‍ സൈപ്രസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് മുതല്‍ ജിഎച്ച്എഫിന്റെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഗസയില്‍ 1330 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 8,818 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. ജിഎച്ച്എഫിന്റെ സഹായ വിതരണ സൈറ്റുകളില്‍ ഉണ്ടായ സ്‌ഫോടനങ്ങളിലും വെടിവയ്പ്പിലുമാണ് ഈ മനുഷ്യകുരുതി നടക്കുന്നത്.