പരിശീലനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: പരിശീലനത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് യു.എസ് സൈനികര്‍ മരിച്ചു. സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയര്‍ ഇന്ധനം നിറയ്ക്കല്‍ ദൗത്യത്തിനിടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുകയും മെഡിറ്ററേനിയന്‍ കടലിലേക്ക് തകര്‍ന്നു വീഴുകയും ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് അമേരിക്കന്‍ സൈനികര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രസ്താവനയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ മരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. 'ഞങ്ങളുടെ സുരക്ഷാ അംഗങ്ങള്‍ എല്ലാ ദിവസവും നമ്മുടെ രാജ്യത്തിനായി അവരുടെ ജീവിതം സമര്‍പ്പിക്കുന്നു. അമേരിക്കന്‍ ജനതയെ സുരക്ഷിതമായി നിലനിര്‍ത്താന്‍ അവര്‍ റിസ്‌ക് എടുക്കുന്നു. അവരുടെ ധീരതയും നിസ്വാര്‍ത്ഥതയും അംഗീകരിക്കപ്പെടണ്ടതാണ്.' ബൈഡന്‍ പറഞ്ഞു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ സെപ്റ്റംബറില്‍ സൗത്ത് കരോലിനയില്‍ ഒരു എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനം തകര്‍ന്നുവീണത് ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ യു.എസ് മിലിട്ടറി വിമാനങ്ങളുടെ മറ്റ് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏപ്രിലില്‍ അലാസ്‌കയിലെ ഒരു വിദൂര പ്രദേശത്ത് പരിശീലന ദൗത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം കെന്റക്കിയില്‍ രാത്രികാല പരിശീലനത്തിനിടെ രണ്ട് യു.എസ് ആര്‍മി ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഒമ്പത് സൈനികരും കൊല്ലപ്പെട്ടിരുന്നു.
