സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവല്‍സരാഘോഷത്തിനിടെ തീപിടിത്തം; മരണസംഖ്യ 40 ആയി, 115 പേര്‍ക്ക് പരിക്ക്
ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവല്‍സരാഘോഷത്തിനിടെ റിസോര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ടു ചെയ്യുന്നു. 115 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ചിലര്‍ മറ്റു രാജ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇറ്റലി സ്വദേശികളായ 16 പേരെ കാണാതായെന്നും റിപോര്‍ട്ടുകളുണ്ട്. ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ ഷാംപെയിന്‍ പൊട്ടിച്ചപ്പോള്‍ മെഴുകുതിരിയില്‍ നിന്ന് മേല്‍ക്കൂരയിലേക്ക് തീ പടര്‍ന്നതാണ് സംഭവത്തിന് കാരണമെന്നാണ് റിപോര്‍ട്ടുകള്‍.
ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആംബുലന്‍സുകളും ഹെലിക്കോപ്റ്ററുകളും സ്ഥലത്തേക്ക് എത്തിയിരുന്നു. പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തരുതെന്ന് പ്രദേശത്തെ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നതായി അവരുടെ വെബ്സൈറ്റിലുണ്ട്. പുതുവര്‍ഷം പിറന്നതിന്റെ ആഘോഷങ്ങള്‍ തുടരവേയായിരുന്നു തീപിടിത്തം. മെഡിക്കല്‍ സേവനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയാണെന്നും നഗരവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ്‌മൊണ്ടാന. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തെക്കുപടിഞ്ഞാറ് ഫ്രഞ്ച് സംസാരിക്കുന്നവര്‍ താമസിക്കുന്ന കാന്റന്‍ വലൈസിലാണ് ക്രാന്‍സ്‌മൊണ്ടാന സ്ഥിതി ചെയ്യുന്നത്.
