മലേഷ്യയിലെ വാട്ടര്‍ വില്ലേജില്‍ തീപ്പിടിത്തം: ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു
ക്വലാലംപൂര്‍: മലേഷ്യയിലെ സബായില്‍ ഞായറാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു. ഒരു തീരദേശ ഗ്രാമത്തിലെ താത്ക്കാലിക വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. ഇവയില്‍ പലതും വെള്ളത്തിന് മുകളില്‍ തൂണുകളിലാണ് നിര്‍മ്മിച്ചിരുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു.
സബായിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സന്ദക്കാന്‍ ജില്ലയിലെ 'വാട്ടര്‍ വില്ലേജില്‍' ഞായറാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. മലേഷ്യയിലെ ഏറ്റവും ദരിദ്രവിഭാഗത്തില്‍ ഉള്‍പ്പെടുന്നതും പൗരത്വം ഇല്ലാത്തവരുമായ ആളുകളാണ് മരം കൊണ്ടു നിര്‍മ്മിച്ച വീടുകളില്‍ താമസിക്കുന്നത്. 9,007 താമസക്കാരെ തീപ്പിടിത്തം ബാധിച്ചതായി സന്ദക്കാന്‍ പോലീസ് മേധാവി ജോര്‍ജ് അബ്ദുള്‍ റഹ്‌മാന്‍ അറിയിച്ചു.
This morning, around 200 homes are destroyed, with people displaced and many losing everything in a massive fire in the water village of Kampung Bahagia, Sandakan, Sabah, Malaysia. pic.twitter.com/di6Umetskd
— Weather Monitor (@WeatherMonitors) April 19, 2026
സബാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതനുസരിച്ച് പുലര്‍ച്ചെ 1:32 (ശനിയാഴ്ച 17:32 GMT) ന് സംഭവം സംബന്ധിച്ച് അറിയിപ്പ് ലഭിക്കുകയും രണ്ട് സ്റ്റേഷനുകളില്‍ നിന്നുള്ള 37 ഉദ്യോഗസ്ഥരെ തീ അണയ്ക്കാന്‍ അയയ്ക്കുകയും ചെയ്തു. 10 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഏകദേശം 1,000 താത്ക്കാലിക ഫ്‌ലോട്ടിങ് ഹോമുകള്‍ 100 ശതമാനം കത്തിനശിച്ചതായി അധികൃതര്‍ പറഞ്ഞു. ഇടുങ്ങിയ പ്രവേശന പാതകള്‍ കാരണം അഗ്‌നിശമനസേനാ വാഹനങ്ങള്‍ക്ക് സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നുമാണ് വിവരം.
സബാ അധികൃതരുമായി ചേര്‍ന്ന് ബാധിക്കപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് സഹായവും താത്ക്കാലിക താമസസൗകര്യവും നല്‍കുന്നതിനായി നടപടികള്‍ ഏകോപിപ്പിക്കുകയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഫെഡറല്‍ സര്‍ക്കാര്‍ പറഞ്ഞു. 'ഇപ്പോള്‍ മുന്‍ഗണന ഇരകളുടെ സുരക്ഷയ്ക്കും അടിയന്തര സഹായത്തിനുമാണ്,' അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
