കൊവിഡ് 19ന്റെ ഉത്ഭവം കണ്ടെത്തിയില്ലെങ്കില്‍ കൊവിഡ് 26 ഉം 32 ഉം ഉണ്ടാവും; മുന്നറിയിപ്പുമായി അമേരിക്കന്‍ ആരോഗ്യവിദഗ്ധര്‍
വാഷിങ്ടണ്‍: കൊവിഡ് 19 ന്റെ ഉത്ഭവം കണ്ടെത്തുന്നതിനും ഭാവിയില്‍ ഇത്തരം പകര്‍ച്ചവ്യാധി ഭീഷണികള്‍ തടയുന്നതിനും ചൈനീസ് സര്‍ക്കാരിന്റെ സഹകരണം ലോകത്തിന് ആവശ്യമാണെന്ന് അമേരിക്കയിലെ രണ്ട് പ്രമുഖ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് പോലെയുള്ള മഹാമാരികള്‍ തടയുന്നതിന് കൊവിഡ് 19ന്റെ ഉത്ഭവം കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ കൊവിഡ് 26, കൊവിഡ് 32 എന്നിവ ഉണ്ടാവും-എന്‍ബിസിയുടെ മീറ്റ് ദി പ്രസ് പരിപാടിയില്‍ ടെക്‌സാസ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ വാക്‌സിന്‍ ഡെവലപ്‌മെന്റ് കോ ഡയറക്ടര്‍ പീറ്റര്‍ ഹോട്ടസ് പറഞ്ഞു.
മഹാമാരിയുടെ ഉത്ഭവം എവിടെ എന്ന കാര്യം പൂര്‍ണമായി മനസ്സിലാവാത്തതിനാല്‍ ഭാവിയിലും ഇത്തരം ഭീഷണികളുണ്ടാവാനുള്ള സാധ്യത നിലനിര്‍ത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. SARSCoV2 വൈറസ് ചൈനയിലെ വുഹാനിലുള്ള ലാബില്‍നിന്ന് പുറത്തെത്തിയതാവാമെന്ന നിഗമനത്തെ സാധൂകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണെന്ന് ട്രംപ് ഭരണകൂടത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണറായിരുന്ന സ്‌കോട്ട് ഗോട്‌ലിയേബ് അഭിപ്രായപ്പെട്ടു. നിലവില്‍ ഫൈസറിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അദ്ദേഹം.
'വൈറസ് വുഹാന്‍ ലാബില്‍നിന്ന് പുറത്തെത്തിയതാവാം എന്ന നിഗമനം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും ചൈന പുറത്തുവിട്ടിട്ടില്ല. അതേസമയം, വൈറസ് വന്യജീവികളില്‍നിന്ന് ഉത്ഭവിച്ചതാണോ എന്നതിന് തെളിവ് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ കാര്യമായ ഫലം കണ്ടിട്ടുമില്ല' സിബിഎസ് ന്യൂസിന്റെ 'ഫെയിസ് ദി നേഷന്‍' എന്ന പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. ചൈനയിലെ വുഹാനിലുള്ള സീഫുഡ് മാര്‍ക്കറ്റില്‍നിന്നാണ് പുതിയ വൈറസ് പടര്‍ന്നുപിടിച്ചതെന്ന് കണ്ടെത്തി ഒരുവര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ കൃത്യമായ ഉത്ഭവം എവിടെനിന്നാണ് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വൈറസ് വന്യജീവികളില്‍നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാവാമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ ആദ്യം എത്തിച്ചേര്‍ന്നത്.
എന്നാല്‍, വൈറസ് റിസര്‍ച്ച് ലാബില്‍നിന്ന് അബദ്ധത്തില്‍ പുറത്തുപോയതാവാമെന്ന നിഗമനം ചില റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ മുന്നോട്ടുവച്ചു. അമേരിക്കയിലെ ബൈഡന്‍ ഭരണകൂടവും ഈ നിഗമനം ഗൗരവമായെടുക്കുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പുതിയ അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. വൈറസ് വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് പുറത്തെത്തിയതാണോ പ്രകൃതിയില്‍നിന്ന് ഉത്ഭവിച്ചതാണോ എന്ന കാര്യത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വ്യത്യസ്തമായ നിഗമനങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ ഊര്‍ജിതമായ പരിശ്രമം നടത്തി 90 ദിവസത്തിനകം ഇക്കാര്യത്തില്‍ റിപോര്‍ട്ട് നല്‍കാന്‍ ഏജന്‍സികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്.
വാള്‍സ്ട്രീറ്റ് ജേണല്‍ മെയ് 23ന് പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ നാല് ഗവേഷകര്‍ 2019 നവംബറില്‍തന്നെ രോഗബാധിതരായെന്നും ചികില്‍സ തേടിയെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൊവിഡ് 19 ന്റെ ലക്ഷണങ്ങള്‍ അടക്കമുള്ളവ അവര്‍ക്കുണ്ടായിരുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ചൈനയില്‍ ദീര്‍ഘകാല പഠനങ്ങള്‍ നടത്താന്‍ ഗവേഷകരെ അനുവദിക്കണമെന്നും മനുഷ്യരില്‍നിന്നും മൃഗങ്ങളില്‍നിന്നും രക്തസാംപിള്‍ ശേഖരിച്ച് പഠനം നടത്തേണ്ടിവരുമെന്നും പീറ്റര്‍ ഹോട്ടസ് പറഞ്ഞു.
അന്വേഷണത്തിന് അനുമതി ലഭിക്കാന്‍ ചൈനയ്ക്കുമേല്‍ ഉപരോധ ഭീഷണി അടക്കമുള്ളവ ചെലുത്തി അമേരിക്ക സമ്മര്‍ദം ചെലുത്തണം. വൈറോളജി വിദഗ്ധരും, വവ്വാലുകളെപ്പറ്റി ഗവേഷണം നടത്തുന്നവരും അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സംഘം ഹുബൈയ് പ്രവിശ്യയില്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ പഠനം നടത്തേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, വൈറസ് പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ച വുഹാന്‍ ലാബ് നിഗമനത്തിനെതിരേ ചൈനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരിക്കുകയാണ്. വൈറസിന്റെ ഉത്ഭവത്തെപ്പറ്റി അന്വേഷണം നടത്താനുള്ള ബൈഡന്റെ നീക്കത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ വെള്ളിയാഴ്ച തള്ളി. ചൈനയെ അപമാനിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും രാഷ്ട്രീയ കൃത്രിമം കാട്ടുന്നതിനുമുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

