ഗസയിലെ ക്ഷാമം മനുഷ്യത്വത്തിന്റെ പരാജയം, മനുഷ്യ നിര്‍മ്മിതം: അന്റോണിയോ ഗുട്ടെറസ്
ഗസ: ഗസ സിറ്റിയിലും പരിസരപ്രദേശങ്ങളിലും നിലവിലുള്ള ക്ഷാമത്തെ മനുഷ്യത്വത്തിന്റെ പരാജയമെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടെറസ്. ഇത് ഏറ്റവും ഉയര്‍ന്നതും കഠിനവുമാണ്. ഈ ക്ഷാമം മനുഷ്യനിര്‍മ്മിത ദുരന്തം ആണെന്നും അദ്ദേഹം പറഞ്ഞു. ഗസയില്‍ അരലക്ഷത്തിലധികം ആളുകള്‍ പട്ടിണി, ദാരിദ്ര്യം, മരണം എന്നീ ദുരന്തപൂര്‍ണമായ അവസ്ഥകള്‍ നേരിടുന്നുവെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യുരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) പറയുന്നു.
ഗസയിലേക്ക് വരുന്ന സഹായത്തിന്റെ അളവ് ഇസ്രായേല്‍ നിയന്ത്രിക്കുന്നത് തുടരുകയാണ്. ഉടനടി ലോകം ഗസയില്‍ ഇടപെടേണ്ടതുണ്ട്. അല്ലാത്തപക്ഷം ക്ഷാമവുമായി ബന്ധപ്പെട്ട മരണകണക്ക് അതിരൂക്ഷമായി വര്‍ദ്ധിക്കുമെന്ന് ഐപിഎസി പറയുന്നു. സെപ്തംബര്‍ അവസാനത്തോടെ ക്ഷാമം ദെയര്‍ അല്‍ ബലാഹിലേക്കും ഖാന്‍ യൂനിസിലേക്കും വ്യാപിക്കും. ജനസംഖ്യയുടെ മുക്കാല്‍ഭാഗവും ക്ഷാമത്തിന്റെ പിടിയിലേക്ക് നീങ്ങും. 2026 ജൂണിനുള്ളില്‍ 1,32,000 കുട്ടികളുടെ ജീവന് ഈ ക്ഷാമം ഭീഷണിയാവും.
ഇതുവരെ പോഷകാഹാരക്കുറവ് മൂലം 271 പേരാണ്് കൊല്ലപ്പെട്ടത് . ഇതില്‍ 112 കുട്ടികളും ഉള്‍പ്പെടും. ക്ഷാമം പൂര്‍ണ്ണമായും തടയാവുന്ന ഒന്നായിരുന്നു. ഇസ്രായേലിന്റെ വ്യവസ്ഥാപിത തടസ്സങ്ങള്‍ കാരണമാണ് ഫലസ്തീന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയാതിരുന്നത്-ഐപിസി വ്യക്തമാക്കുന്നു.
ഗസയിലെ ജീവനുള്ള നരകത്തെ വിവരിക്കാന്‍ വാക്കുകളില്ല. ഇപ്പോള്‍ പുതിയൊരണ്ണം കൂടി ചേര്‍ത്തിരിക്കുന്നു ക്ഷാം-അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. മനുഷ്യരാശിയുടെ പൂര്‍ണ്ണ പരാജയമാണ് ഗസയിലെ ക്ഷാമം. ഇസ്രായേലിന് ഇതില്‍ വ്യക്തമായ ബാധ്യതകളുണ്ട്്-അദ്ദേഹം പറഞ്ഞു.
