ധാക്കയില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

Update: 2025-12-24 17:18 GMT

ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാര്‍ മേഖലയിലെ മേല്‍പ്പാലത്തില്‍നിന്ന് അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നെന്ന് ബംഗ്ലദേശ് പോലിസ് പറഞ്ഞു. രണ്ടാഴ്ചയായി കലാപം തുടരുന്ന ബംഗ്ലദേശില്‍ സ്ഥിതി ഇതോടെ രൂക്ഷമായി. മോഗ്ബസാറിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകത്തിനു മുന്നിലാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന സിയാം എന്നയാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ഇയാള്‍ പിന്നീട് മരിക്കുകയും ചെയ്തു.

സ്വകാര്യ ഫാക്ടറിയില്‍ ജീവനക്കാരനായിരുന്നു സിയാം എന്ന് ബന്ധുക്കള്‍ പറയുന്നു. ആക്രമണത്തിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം അറിവായിട്ടില്ലെന്ന് ധാക്ക മെട്രോപൊളിറ്റന് പോലിസ് ഡപ്യൂട്ടി കമ്മിഷണര്‍ മസൂദ് ആലം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.