കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്ത് തിങ്കളാഴ്ച നടന്ന സ്ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. കാബൂളിലെ ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്ന ഷഹ്റെ നാവ് എന്ന സ്ഥലത്തുള്ള ഹോട്ടലിലാണ് സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ നടന്ന സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
'പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തിങ്കളാഴ്ച നടന്ന സ്ഫോടനത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയോ അതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്', അഫ്ഗാന്റെ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്‍ മതീന്‍ ഖാനിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. ഷഹ്റെ നാവ് എന്ന സ്ഥലത്തുള്ള ഒരു ചൈനീസ് റെസ്റ്റോറന്റിന് പുറത്താണ് സ്ഫോടനം നടന്നതെന്ന് കാബൂള്‍ പോലിസ് വക്താവ് ഖാലിദ് സദ്റാന്‍ അറിയിച്ചു.
വിദേശികളുടെ താമസസ്ഥലവും നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അഫ്ഗാന്‍ തലസ്ഥാനത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗങ്ങളിലൊന്നായാണ് ഈ പ്രദേശം കണക്കാക്കപ്പെടുന്നത്. 'ഇന്ന് ഉച്ചകഴിഞ്ഞ് ഷഹ്റെ നാവിലുള്ള ആശുപത്രിക്ക് സമീപമുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് 20 പേരെ കാബൂളിലെ എമര്‍ജന്‍സി സര്‍ജിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അവിടെ എത്തിക്കുമ്പോള്‍തന്നെ അവരില്‍ ഏഴുപേര്‍ മരണപ്പെട്ടിരുന്നു', ഖാലിദ് സദ്റാന്‍ പറഞ്ഞു. ചൈനീസ് റെസ്റ്റോറന്റിന് സമീപമുണ്ടായ സ്ഫോടനം ചൈനീസ് ഉദ്യോഗസ്ഥരുമായി യാത്രചെയ്തിരുന്ന വാഹനം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും, താലിബാനിലെ എതിര്‍ വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും അഫ്ഗാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
