മയക്കുമരുന്ന് കടത്ത്; ഈജിപ്തില്‍ ഏഴ് പാക് പൗരന്‍മാര്‍ക്ക് വധശിക്ഷ

Update: 2021-09-07 04:10 GMT

കെയ്‌റോ: മയക്കുമരുന്ന് കടത്തിയെന്ന കുറ്റത്തിന് ഏഴ് പാകിസ്താന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ വിധിച്ച് ഈജിപ്ഷ്യന്‍ കോടതി. 2019ല്‍ ചെങ്കടലില്‍കൂടി രണ്ട് ടണ്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായവരാണിവര്‍. ഏകദേശം 2.5 ബില്യന്‍ പൗണ്ട് വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍നിന്നും കണ്ടെത്തിയതെന്ന് പാകിസ്താന്‍ ഒബ്‌സര്‍വര്‍ റിപോര്‍ട്ട് ചെയ്തു. രണ്ട് ഈജിപ്ഷ്യന്‍ പൗരനും ഒരു ഇറാനിയന്‍ പൗരനും ഇവര്‍ക്കൊപ്പം പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കും വധശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.

ഏകദേശം 100 കിലോഗ്രാം (220 പൗണ്ട്) ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍ ഉള്‍പ്പെടുന്ന മയക്കുമരുന്നാണ് കപ്പലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. വധശിക്ഷയ്ക്ക് പേരുകേട്ട രാജ്യമാണ് ഈജിപ്ത്. ഇപ്പോള്‍ വധശിക്ഷയില്‍ മൂന്ന് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2006ല്‍ 44 പേരെയും 2017ല്‍ 35 പേരെയും 2018ല്‍ 43 പേരെയും ഈജിപ്തില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അതേസമയം, ഈജിപ്തില്‍ വധശിക്ഷയിലുണ്ടാവുന്ന 'ഗണ്യമായ വര്‍ധനവിനെ' മനുഷ്യാവകാശ സംഘടനകള്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

Tags: