ഈജിപ്തില്‍ തടവില്‍ കഴിയുന്ന അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകന് മോചനം

Update: 2019-05-25 11:56 GMT

കെയ്‌റോ: അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹ്മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ കോടതി ഉത്തരവിട്ടു. രാജ്യത്തിനു ഭീഷണിയാവുന്ന വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഹുസൈനെ ഈജിപ്ത് അറസ്റ്റ് ചെയ്തത്. എന്നാല്‍ യാതൊരു മുന്നറിയിപ്പോ നടപടിയോ ഇല്ലാതെ 880 ദിവസങ്ങള്‍ നീണ്ട തടവിലായിരുന്നു ഹുസൈന്‍. ഹുസൈന്റെ മോചന വിവരം പുറത്ത് വിട്ടിട്ടില്ലെന്നും എത്രയും പെട്ടെന്ന് മോചനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകനായ താഹര്‍ അബദുല്‍ നാസര്‍ പറഞ്ഞു.

രാജ്യത്തെ ആഭ്യന്തരകാര്യ വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഇതു രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും കാണിച്ചാണ് ഹുസൈനെതിരേ രാജ്യദ്രോഹകുറ്റം ചുമത്തിയത്. എന്നാല്‍ അല്‍ജസീറ മീഡിയ നെറ്റവര്‍ക്ക് ഇത് നിഷേധിച്ചിരുന്നു. ഇത്തരത്തില്‍ വിചാരണ കൂടാതെ 20,000 പേരെ രാഷ്ട്രീയ കാരണങ്ങളാല്‍ ഈജിപ്ത് ജയിലിലടച്ചിട്ടുണ്ടെന്നും താഹര്‍ അബദുല്‍ നാസര്‍ പറഞ്ഞു.

ഈജിപ്തില്‍ ജോലി ചെയ്തിരുന്ന ഹുസൈന്‍ 2013 ല്‍ അല്‍ജസീറ ഓഫിസ് പൂട്ടിയതിനെ തുടര്‍ന്ന് ഖത്തറിലായിരുന്നു. കുടുംബത്തെ സന്ദര്‍ശിക്കാനായി കെയ്‌റോയിലെത്തിയ അദ്ദേഹത്തെ 2016 ഡിസംബര്‍ 20നാണ് അറസ്റ്റ് ചെയ്തത്.