നെതര്‍ലാന്റ്‌സില്‍ പൊതുസ്ഥലങ്ങളിലെ നിഖാബ് വിലക്ക് പ്രാബല്യത്തില്‍

തീവ്ര വലതുപക്ഷവാദിയായ ഗീര്‍ട്ട് വൈല്‍ഡേര്‍സാണ് 2005ല്‍ മുഖംമറയ്ക്കുന്ന വസ്ത്രങ്ങള്‍ വിലക്കണമെന്ന ആവശ്യമുന്നയിച്ചത്.

Update: 2019-08-02 12:09 GMT

ഹേഗ്: നെതര്‍ലാന്റ്‌സില്‍ പൊതുസ്ഥലങ്ങളിലും യാത്രയിലും മുഖംമറയ്ക്കുന്ന വിധത്തിലുള്ള ബുര്‍ഖകള്‍ക്കും നിഖാബുകള്‍ക്കുമുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ 2018 ജൂണിലാണ് ഡച്ച് സഭ നിയമം കൊണ്ടുവന്നത്. എന്നാല്‍, വിലക്ക് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. പലരും സര്‍ക്കാര്‍ നടപടിയെ പരിഹാസ്യമെന്നാണു വിശേഷിപ്പിച്ചത്. തീവ്ര വലതുപക്ഷവാദിയായ ഗീര്‍ട്ട് വൈല്‍ഡേര്‍സാണ് 2005ല്‍ മുഖംമറയ്ക്കുന്ന വസ്ത്രങ്ങള്‍ വിലക്കണമെന്ന ആവശ്യമുന്നയിച്ചത്. അടുത്തഘട്ടത്തില്‍ ലളിതമായ ശിരോവസ്ത്രം വിലക്കണമെന്നും വൈല്‍ഡേര്‍സ് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് 17 മില്ല്യണ്‍ ജനങ്ങളില്‍ 200 മുതല്‍ 400 വരെ സ്ത്രീകള്‍ മാത്രമാണ് നിഖാബ് ധരിക്കുന്നത്. ഇന്നുമുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, ആശുപത്രികള്‍, പൊതുഗതാഗതം എന്നിവയില്‍ മുഖം മൂടുന്ന വസ്ത്രം ധരിക്കുന്നത് നിരോധിച്ചതായി ഡച്ച് ആഭ്യന്തരമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ ആളുകളെ തിരിച്ചറിയാന്‍ കഴിയണമെന്നതിനാല്‍ മുഖം മറച്ചുകൊണ്ടുള്ള ഹെല്‍മെറ്റുകള്‍ക്കും വസ്ത്രങ്ങള്‍ക്കും നിരോധനം ബാധകമാണ്. നിയമം ലംഘിച്ചാല്‍ 150 യൂറോ(165 യുഎസ് ഡോളര്‍) പിഴയീടാക്കും. 2010ല്‍ ഫ്രാന്‍സ് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചിരുന്നു. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവിടങ്ങളിലും സമാനനിയമം പ്രാബല്യത്തിലുണ്ട്. വിലക്ക് പരിഹാസ്യമാണെന്നും മറ്റുള്ളവരുടെ മൂല്യങ്ങളെ മാനിക്കണമെന്നും വന്‍ പിഴയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും 28കാരിയായ ആന്‍ സ്പിന്‍ലര്‍ പറഞ്ഞു. ഇത് മോശം നിയമമാണെന്നും ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യേണ്ടതല്ലെന്നും 57കാരിയായ ജാന്‍ ജാന്‍സ് പറഞ്ഞു.




Tags:    

Similar News