ദുബായിലെ മലയാളി കൂട്ടായ്മയില്‍ അതിഥിയായി മുന്‍ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി; വന്‍ വിമര്‍ശനം

Update: 2025-05-31 05:44 GMT

ദുബായ്: അടുത്തിടെ ദുബായില്‍ നടന്ന ഒരു പരിപാടിയില്‍ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ സ്വീകരിച്ച മലയാളി കൂട്ടായ്മയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. ഏപ്രില്‍ 22 ന് 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഷാഹിദ് അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മലയാളി കൂട്ടായ്മയ്ക്കെതിരെ സോഷ്യല്‍മീഡിയ തിരിഞ്ഞത്. അഫ്രീദിയെ ഉച്ചത്തിലുള്ള ആര്‍പ്പുവിളികളോടെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.മറ്റൊരു പാക് താരമായിരുന്ന ഉമര്‍ ഗുല്ലും സ്്‌റ്റേജില്‍ സന്നിഹതനായിരുന്നു.

ദുബായില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത അഫ്രീദി, കേരളവും കേരളത്തിലെ ഭക്ഷണവും തനിക്ക് വളരെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. അഫ്രീദി എത്തിയപ്പോള്‍, അവിടെ കൂടിയിരുന്നവര്‍ സാംസ്‌കാരിക പരിപാടി നിര്‍ത്തിവെയ്ക്കുകയും അഫ്രീദിയെ ബൂം ബൂം എന്ന് വിളിച്ച് അഭിവാദ്യം ചെയ്യുകയും ചെയ്തു. അഫ്രീദിയെ ബൂം ബൂം എന്നാണ് ആരാധകര്‍ വിളിക്കുന്നത്. 'ഹൊഗയ ബൂം ബൂം' എന്ന് പറഞ്ഞുകൊണ്ടാണ് അഫ്രീദി പ്രതികരിച്ചത്.

പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തില്‍ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടാണ് അഫ്രീദി സ്വീകരിച്ചത്. 'ഇന്ത്യയില്‍ ഒരു പടക്കം പൊട്ടിയാല്‍ പോലും, എല്ലായ്പ്പോഴും വിരല്‍ ചൂണ്ടുന്നത് പാകിസ്താനിലേക്ക് ആയിരിക്കും. കശ്മീരില്‍ നിങ്ങള്‍ക്ക് 800,000 പേരടങ്ങുന്ന സൈന്യമുണ്ട്. എന്നിട്ടും ഇത് സംഭവിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് കാര്യക്ഷമതയില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്'- അഫ്രീദിയുടെ ഈ വാക്കുകള്‍ക്ക് കടുത്ത ഭാഷയിലാണ് ഇന്ത്യ മറുപടി നല്‍കിയത്.

സംഭവത്തെക്കുറിച്ചുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ കവറേജിനെ പരിഹസിച്ച് അഫ്രീദി അതിനെ ഒരു ബോളിവുഡ് പ്രൊഡക്ഷനോട് ഉപമിച്ചു. കൂടാതെ ആക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് ആരോപിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

എന്തൊരു നാണക്കേട് എന്നിങ്ങനെ തുടങ്ങുന്ന നിരവധി കമന്റുകളിലൂടെയാണ് അഫ്രീദിയെ സ്വാഗതം ചെയ്ത മലയാളി സംഘടനയെ സോഷ്യല്‍മീഡിയില്‍ വിമര്‍ശിച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ച പാകിസ്താനിയെ ബൂം ബൂം എന്ന് വിളിച്ചത് അടക്കം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. 'ദേശസ്‌നേഹം സിക്‌സറിന് പോയി.. എന്തൊരു നാണക്കേട്. അവരില്‍ നിന്ന് (കേരള സമൂഹം) ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു...., നിങ്ങളുടെ രാജ്യത്തോട് നിങ്ങള്‍ക്ക് എത്രത്തോളം അവിശ്വസ്തത പുലര്‍ത്താന്‍ കഴിയും?... ഏറ്റവും സാക്ഷരരായ ആളുകളില്‍ നിന്ന് പഠിക്കുക... അപമാനകരമാണ്!'- തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയതില്‍ വിശദീകരണവുമായി മലയാളി സംഘടന രംഗത്തെത്തി. അതേവേദിയില്‍ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങള്‍ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്നാണ് സംഘാടകരുടെ വിശദീകരണം. അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ഈ പ്രവൃത്തി കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും അവര്‍ പറയുന്നു.





Tags: