ഗസയിലേക്ക് യാത്ര തിരിച്ച ഗ്രെറ്റ തുന്‍ബെര്‍ഗ് അടങ്ങുന്ന സംഘത്തിന്റെ കപ്പലിന് നേര്‍ക്ക് ടുണീഷ്യന്‍ തീരത്ത് ഡ്രോണ്‍ ആക്രമണം

Update: 2025-09-09 05:53 GMT

ദമസ്‌കസ്: കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ളവര്‍ ഗസയിലേക്ക് പുറപ്പെട്ട കപ്പല്‍ ഡ്രോണ്‍ ആക്രമണത്തിന് ഇരയായതായി റിപോര്‍ട്ട്. ടുണീഷ്യന്‍ തീരത്തുവച്ചാണ് ആക്രമണം. ഗസയിലേക്കുള്ള സഹായവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ഗ്രെറ്റയ്ക്കു പുറമേ 44 രാജ്യങ്ങളില്‍നിന്നുള്ള സിവിലിയന്മാരും കപ്പലിലുണ്ടായിരുന്നു. ഗസ മുനമ്പില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഭേദിക്കാനുള്ള ശ്രമത്തിലായിരുന്നു കപ്പല്‍. അതേസമയം കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നെന്ന വാദം ടുണീഷ്യന്‍ അധികൃതര്‍ തള്ളിയിട്ടുണ്ട്. കപ്പലിനകത്തുവെച്ചുതന്നെയുണ്ടായ സ്ഫോടനമാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് നാഷണല്‍ ഗാര്‍ഡ് വക്താവ് പറഞ്ഞു.


 ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ കപ്പലിന് തീപ്പിടിച്ചതായി കപ്പല്‍ അധികൃതര്‍ സ്ഥിരീകരിക്കുന്നു. പോര്‍ച്ചുഗീസ് പതാകയുള്ള കപ്പലിന്റെ പ്രധാന ഡെക്കിലും താഴെയുള്ള സ്റ്റോറേജ് ഏരിയയിലുമാണ് തീപ്പിടിത്തമുണ്ടായത്. എങ്കിലും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

തങ്ങളുടെ ദൗത്യത്തെ ഭയപ്പെടുത്താനും തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ കൊണ്ടൊന്നും പിന്തിരിയില്ലെന്ന് കപ്പല്‍ അധികൃതര്‍ പ്രതികരിച്ചു. ഗസയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടത്തെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള സമാധാന ദൗത്യം കൂടുതല്‍ ശക്തമായി തുടരുമെന്നും കപ്പല്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


 യുദ്ധം തകര്‍ത്ത ഗസയിലേക്ക് സഹായമെത്തിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് കപ്പല്‍ പുറപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഇതിന് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ജൂണിലും ഗ്രെറ്റയും സംഘവും ഗസയിലേക്ക് കപ്പല്‍ യാത്ര നടത്തിയിരുന്നു. തുടര്‍ന്ന് ഇസ്രായേല്‍ ഗ്രെറ്റയെയും സംഘത്തെയും തടഞ്ഞ് മടക്കി അയച്ചിരുന്നു.



Tags: