യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോണ്‍ ആക്രമണം; പ്ലാന്റ് പൂട്ടി, യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ യുഎഇയിലെ റുവൈസ് റിഫൈനറി സമീപത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വ്യാവസായിക മേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്നാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. അഗ്‌നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു.
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സാമൂഹികമാധ്യമങ്ങള്‍ വഴിയോ മറ്റോ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കി.
ഇറാന്‍-ഇസ്രായേല്‍ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു യുഎഇയുടെ യുഎന്‍ പ്രതിനിധി ജമാല്‍ ജമാ അല്‍ മുഷാറഖ് ഐക്യരാഷ്ട്രസഭയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം. നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും വ്യക്തമാക്കി. യുദ്ധം നീണ്ടുനില്‍ക്കുന്നത് ആഗോള എണ്ണ വിപണിയെയും ഗള്‍ഫ് മേഖലയുടെ സാമ്പത്തിക സുസ്ഥിതിയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
