കൊവിഡ് മഹാമാരിക്കിടെ അമേരിക്കയില്‍ നാശംവിതച്ച് ചുഴലിക്കാറ്റും; മരണം 32 ആയി

ലൂസിയാന, ടെക്‌സസ്, മിസിസിപ്പി, ജോര്‍ജിയ, കരോലിന, അലബാമ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശംവിതച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് വൈദ്യുതബന്ധം നഷ്ടമായത്. ഞായറാഴ്ച ഉച്ചയോടെ മിസിസിപ്പിയുടെ തെക്കുഭാഗത്തായാണ് ചുഴലിക്കാറ്റ് ആദ്യം ആഞ്ഞടിച്ചത്.

Update: 2020-04-14 04:33 GMT

വാഷിങ്ടണ്‍ ഡിസി: കൊവിഡ് 19 മഹാമാരി ദുരിതംവിതച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെ അമേരിക്കയില്‍ നാശംവിതച്ച് ചുഴലിക്കാറ്റും. തെക്കന്‍ അമേരിക്കയില്‍ പ്രാദേശികസമയം ഞായറാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും മരണപ്പെട്ടവരുടെ എണ്ണം 32 ആയി. നൂറുകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ചുഴലിക്കാറ്റിനൊപ്പം പെയ്ത കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും വ്യാപകനാശനഷ്ടമുണ്ടായി. ശക്തമായ മഴയില്‍ ആലിപ്പഴവര്‍ഷമുണ്ടായതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


 ലൂസിയാന, ടെക്‌സസ്, മിസിസിപ്പി, ജോര്‍ജിയ, കരോലിന, അലബാമ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശംവിതച്ചത്. ദശലക്ഷക്കണക്കിനാളുകള്‍ക്കാണ് വൈദ്യുതബന്ധം നഷ്ടമായത്. ഞായറാഴ്ച ഉച്ചയോടെ മിസിസിപ്പിയുടെ തെക്കുഭാഗത്തായാണ് ചുഴലിക്കാറ്റ് ആദ്യം ആഞ്ഞടിച്ചത്. അടുത്തദിവസവും ചുഴലിക്കാറ്റുണ്ടായി. ചുഴലിക്കാറ്റ് ശക്തമായതിനെത്തുടര്‍ന്ന് അലബാമ, ലൂസിയാന, മിസിസിപ്പി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ലൂസിയാനയിലെ മണ്‍റോ പ്രാദേശിക വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി.

ചരിത്രപരമായി ഈ വര്‍ഷത്തെ ഏറ്റവും അപകടകരമായ മാസമാണ് ഏപ്രിലെന്ന് മിസിസിപ്പി എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രെഗ് മൈക്കല്‍ ജോര്‍ജ് സ്റ്റെഫനോ പൗലോസ് പ്രതികരിച്ചു. കഴിഞ്ഞദിവസം സംഭവിച്ചത് കൊടുങ്കാറ്റുകള്‍ എത്രത്തോളം അപകടകരമാവുമെന്നതിന്റെ ഒരു സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ തനിച്ചല്ലെന്നും ഒപ്പമുണ്ടെന്നും മിസിസിപ്പി ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി അവസാനംവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കും. ജനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ സാധ്യമായ സഹായമെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News