തുര്‍ക്കി ഭൂകമ്പം: മരണം 38 ആയി, കാണാതായവര്‍ക്കായി നാലാംദിവസവും തിരച്ചില്‍

അതിശക്തമായ ഭൂകമ്പത്തില്‍ 1,607 പേര്‍ പരിക്കേറ്റ് ചികില്‍സയിലുണ്ടെന്ന് തുര്‍ക്കി ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് പ്രസിഡന്റ് അറിയിച്ചു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍നിന്ന് 45 പേരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട്.

Update: 2020-01-27 03:10 GMT

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. അതിശക്തമായ ഭൂകമ്പത്തില്‍ 1,607 പേര്‍ പരിക്കേറ്റ് ചികില്‍സയിലുണ്ടെന്ന് തുര്‍ക്കി ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് പ്രസിഡന്റ് അറിയിച്ചു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍നിന്ന് 45 പേരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട്. ചെയ്യുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ആറോളം പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടിരിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കൊടുംതണുപ്പ് രക്ഷാപ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. 3,500 ഓളം രക്ഷാപ്രവര്‍ത്തകരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. മരണസംഖ്യ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. ശക്തമായ ഭൂകമ്പത്തിനുശേഷം 780 ഓളം ചെറുഭൂചലനങ്ങള്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കിയതായാണ് റിപോര്‍ട്ട്. ഭൂകമ്പത്തില്‍ 76 കെട്ടിടങ്ങള്‍ നിലംപൊത്തിയതായും ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. കേടുപാടുണ്ടായ ഭവനങ്ങളിലേക്കു മടങ്ങാന്‍ ജനങ്ങള്‍ മടികാണിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ക്കു താമസിക്കാന്‍ 1600നു മുകളില്‍ താല്‍ക്കാലിക കൂടാരങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 

Tags:    

Similar News