സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്യൂബയിൽ കുട്ടികൾക്ക് വാക്സിനേഷൻ തുടങ്ങി

ക്യൂബ ആഭ്യന്തരമായി നിർമ്മിച്ച രണ്ട് വാക്സിനുകളാണ് കുട്ടികൾക്ക് നൽകുന്നത്. അബ്ദാലയും സൊബേരാനയുമാണ് അവ.

Update: 2021-09-04 05:58 GMT

ഹവാന: രണ്ട് വർഷത്തോളം അടച്ചിട്ടിരുന്ന സ്‌കൂളുകൾ തുറക്കുന്നതിനുള്ള ആലോചനയിൽ ക്യൂബൻ ഭരണകൂടം. ഇതിനായി കുട്ടികൾക്ക് വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. പന്ത്രണ്ട് മുതൽ പതിനെട്ട് വയസുവരെയുള്ള കുട്ടികൾക്കാണ് ഇപ്പോൾ വാക്സിൻ നൽകി തുടങ്ങിയത്. ഇതിനായുള്ള ദേശീയ തലത്തിലുള്ള പ്രചാരണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.

ക്യൂബ ആഭ്യന്തരമായി നിർമ്മിച്ച രണ്ട് വാക്സിനുകളാണ് കുട്ടികൾക്ക് നൽകുന്നത്. അബ്ദാലയും സൊബേരാനയുമാണ് അവ. വാക്സിൻ എടുക്കുന്നതിന് മുമ്പായി കുട്ടികളുടെ ശരീര ഊഷ്മാവും, രക്തസമ്മർദ്ദവും പരിശോധിക്കും. വാക്സിൻ എടുത്തതിന് ശേഷം ഒരു മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമേ കുട്ടികളെ വിട്ടയക്കുകയുള്ളു. ഒരു പാർശ്വഫലവും ഇല്ലെന്ന് ഉറപ്പുവരുത്താനാണിത്.

പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളിൽ അടുത്ത ഘട്ടത്തിൽ വാക്സിൻ കുത്തിവയ്ക്കാനാണ് തീരുമാനം.2020 മാർച്ച് മുതൽ ക്യൂബയിൽ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഓൺലൈനിലൂടെയും ടെലിവിഷനിലൂടെയുമാണ് ഇപ്പോൾ ക്ലാസുകൾ എടുക്കുന്നത്. ഒക്ടോബർ മാസത്തോടെ സ്‌കൂളുകൾ തുറക്കുവാനാണ് ഭരണകൂടം ഇപ്പോൾ തയ്യാറെടുക്കുന്നത്. കൊവിഡ് ഡെൽറ്റാ വകഭേദമാണ് ക്യൂബയ്ക്ക് ഭീഷണിയായി തീർന്നത്.