ലോക്ക് ഡൗണിലെ ഇളവ് തിരിച്ചടിയായി; ജര്‍മനിയില്‍ കൊവിഡ് ബാധിതര്‍ വര്‍ധിച്ചെന്ന് റിപോര്‍ട്ട്

ജര്‍മനിയില്‍ ഫലപ്രദമായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും വ്യാപകപരിശോധനയും നടത്തിയതുമൂലം കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയത് രോഗവ്യാപനത്തിന് കാരണമായെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.

Update: 2020-05-11 03:48 GMT

ബെര്‍ലിന്‍: കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് ജര്‍മനിക്ക് തിരിച്ചടിയാവുന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കണക്കുകള്‍പ്രകാരം ഈ സമയത്ത് രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയേണ്ടതാണ്. എന്നാല്‍, അതിനു വിപരീതമാണ് സംഭവിക്കുന്നതെന്ന് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് വൈറസ് സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 1.1 ശതമാനമായി ഉയര്‍ന്നുവെന്നാണ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി വ്യക്തമാക്കുന്നത്.

ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഇത് 1.13 ശതമാനമാണ്. കഴിഞ്ഞ മൂന്നാഴ്ചയായി ഇത് ഒരുശതമാനത്തില്‍ താഴെയായിരുന്നു. ഈ കണക്കില്‍ ഒരുപരിധിവരെ അനിശ്ചിതത്വമുണ്ടെന്നും വരുംദിവസങ്ങളില്‍ നിരക്ക് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും ഏജന്‍സി അറിയിച്ചു. ജര്‍മനിയില്‍ ഫലപ്രദമായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും വ്യാപകപരിശോധനയും നടത്തിയതുമൂലം കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയത് രോഗവ്യാപനത്തിന് കാരണമായെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.

ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്നതും ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് അനുമതി നല്‍കിയതുമെല്ലാം തിരുത്തേണ്ടിവരുമെന്നാണ് വിവരം. ജര്‍മനിയില്‍ 16 സംസ്ഥാനങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഭരണകൂടം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. എല്ലാ കടകളും തുറക്കാനും ക്ലാസുകള്‍ പുനരാരംഭിക്കാനും തീരുമാനിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 1,71,879 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 7,569 പേര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. 

Tags:    

Similar News