അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ മുന്‍ മാധ്യമപ്രവര്‍ത്തകനായ ബ്രാം കഞ്ചിബോട്ലയാണ് (66) മരിച്ചത്.

Update: 2020-04-08 05:38 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് വൈറസ് രോഗം ബാധിച്ച് ഇന്ത്യന്‍- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ മുന്‍ മാധ്യമപ്രവര്‍ത്തകനായ ബ്രാം കഞ്ചിബോട്ലയാണ് (66) മരിച്ചത്. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. മാര്‍ച്ച് 23 മുതല്‍ ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. അഞ്ചുദിവസത്തിനുള്ളില്‍ രോഗം മൂര്‍ച്ഛിക്കുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഒമ്പതുദിവസമായി അദ്ദേഹം ചികില്‍സയിലായിരുന്നു. നിരവധി ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്ത ബോട്ല 1992 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. മെര്‍ജര്‍ മാര്‍ക്കറ്റ്‌സ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. 2001 മുതല്‍ 2006 വരെ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ സീനിയര്‍ കറസ്‌പോണ്ടന്റായിരുന്നു. 2007 മുതലാണ് മെര്‍ജര്‍ മാര്‍ക്കറ്റ്‌സ് എന്ന സാമ്പത്തികകാര്യ ജേര്‍ണലിന്റെ കണ്ടന്റ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചത്.  

Tags:    

Similar News