ട്രംപിന്റെ തോല്‍വി: വോട്ടുചെയ്ത ജനപ്രതിനിധികള്‍ വധഭീഷണി നേരിടുന്നതായി യുഎസ് കോണ്‍ഗ്രസ് അംഗം

ഡെമോക്രാറ്റ്, റിപബ്ലിക്കന്‍ പാര്‍ട്ടികളില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ ഭീഷണി നേരിടുന്നവരില്‍പ്പെടുന്നതായി സിഎന്‍എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഖന്ന പറഞ്ഞു.

Update: 2021-01-14 03:33 GMT

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ നേടിയ വിജയം സാക്ഷ്യപ്പെടുത്തിയ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ വധഭീഷണിയടക്കം അക്രമങ്ങള്‍ നേരിടുന്നതായി ഇന്ത്യന്‍ വംശജനായ ജനപ്രതിനിധിസഭാംഗം റോ ഖന്ന. ഡെമോക്രാറ്റ്, റിപബ്ലിക്കന്‍ പാര്‍ട്ടികളില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ ഭീഷണി നേരിടുന്നവരില്‍പ്പെടുന്നതായി സിഎന്‍എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഖന്ന പറഞ്ഞു.

അക്രമഭീഷണി ഡെമോക്രാറ്റുകള്‍ക്കോ പുരോഗമനവാദികള്‍ക്കോ എതിരേയല്ല. ഇത് യഥാര്‍ഥത്തില്‍ റിപബ്ലിക്കന്‍മാര്‍ക്കെതിരെയാണ്. ഞാന്‍ എന്റെ ചില സഹപ്രവര്‍ത്തകരുമായി സംസാരിച്ചു. ആരാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അവര്‍ക്കുമുണ്ടായിരുന്നു വധഭീഷണി. സര്‍ട്ടിഫിക്കേഷനായി വോട്ടുചെയ്ത ആളുകള്‍ അക്രമഭീഷണികളെ അഭിമുഖീകരിക്കുകയാണ്. നിരവധിയാളുകള്‍ക്ക് ഭയങ്കരമായ ഒരു സാഹചര്യമാണ്.

പാര്‍ട്ടി പരിധി ലംഘിക്കുന്നു- കാലഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് നേതാവ് പറഞ്ഞു. കാപ്പിറ്റോള്‍ കലാപത്തിന്റെ പേരിലുള്ള ഇംപീച്ച്‌മെന്റ് നടപടി രാജ്യത്തിനു കനത്ത നഷ്ടമാക്കുമെന്ന ട്രംപിന്റെ വാദം ഖന്ന നിരാകരിച്ചു. ഇത് യുക്തിക്ക് നിരക്കാത്തതാണ്. ബാങ്ക് കൊള്ളയടിച്ചതിന് അറസ്റ്റിലാവുന്നവര്‍ പോലിസിനെയോ പ്രോസിക്യൂഷനെയോ കുറ്റപ്പെടുത്തുന്നതുപോലെയാണിതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Tags:    

Similar News