ബ്രസീലില്‍ ലഹരിമാഫിയയുമായി ഏറ്റുമുട്ടല്‍; മരണം 132 ആയി; റെയ്ഡില്‍ പോലിസിനൊപ്പം സൈന്യവും

Update: 2025-10-30 06:15 GMT

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ പോലിസും സൈന്യവും സംയുക്തമായി നടത്തിയ റെയ്ഡില്‍ 132 മരണം. ചൊവ്വാഴ്ച നടന്ന പോലിസ് റെയ്ഡില്‍ 64 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപോര്‍ട്ട്. മരണസംഖ്യ 132 ആയതായി കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പബ്ലിക് ഡിഫന്‍ഡര്‍ ഓഫീസ് ആണ് കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ട്.

പോലിസും സൈനികരും ഉള്‍പ്പെടെ 2,500 ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. ഹെലികോപ്റ്ററിലാണ് സൈന്യം വിവിധയിടങ്ങളില്‍ വന്നിറങ്ങിയത്.അലെമാവോ, പെന്‍ഹ എന്നിവിടങ്ങളിലെ ചേരിപ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച പുലര്‍ച്ചെ നഗരത്തിലെ ഒരു ചത്വരത്തില്‍ എത്തിച്ചതോടെയാണ് പോലിസ് - സൈനിക നടപടിയുടെ തീവ്രത പുറത്തുവന്നത്. നഗരത്തിലെ ലഹരിമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന കൊമാന്‍ഡോ വെര്‍മെലോ സംഘത്തെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ നീക്കമായിരുന്നു നടന്നത്. റിയോയിലെ പെന്‍ഹയിലുള്‍പ്പെടെ നിരത്തുകള്‍ മൃതദേഹങ്ങളെക്കൊണ്ടു നിറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പെന്‍ഹയിലെ ഒരു ചത്വരത്തില്‍ കൊണ്ടുവന്ന് നിരത്തിവെച്ചാണ് താമസക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. മിക്ക ഏറ്റുമുട്ടലുകളും നടന്നത് സമീപത്തെ മലഞ്ചെരിവുകളിലാണെന്ന് പോലീസ് അറിയിച്ചു.

റെയ്ഡ് രണ്ട് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് നടന്നത്. വിശദമായ അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഗവര്‍ണര്‍ കാസ്‌ട്രോ കൂട്ടിച്ചേര്‍ത്തു. റെഡ് കമാന്‍ഡിന്റെ പ്രധാനപ്പെട്ട മയക്കുമരുന്ന് വിതരണക്കാരന്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഓപ്പറേഷനില്‍ കൊല്ലപ്പെട്ട നാല് പോലിസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ഗവര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സില്‍വ മരണസംഖ്യയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഫെഡറല്‍ സര്‍ക്കാരിന് ഈ റെയ്ഡിനെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിക്കാത്തതില്‍ അദ്ദേഹം അതിശയം പ്രകടിപ്പിച്ചു.