ആശങ്കയൊഴിയാതെ കൊറോണ; ചൈനയില്‍ മരണം 80 ആയി, 2,744 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

ഹുബൈയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈയില്‍ തിങ്കളാഴ്ച 10 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ഹുബൈയില്‍ മരിച്ചവരുടെ എണ്ണം 76 ആയി. അതേസമയം, ഹുബൈയ്ക്ക് പുറത്ത് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Update: 2020-01-27 06:49 GMT

ബെയ്ജിങ്: ചൈനയില്‍ ആശങ്ക പരത്തി കൊറോണ പടര്‍ന്നുപിടിക്കുന്നു. പുതിയ റിപോര്‍ട്ടുകള്‍പ്രകാരം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആണ്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2,744 ആണെന്നാണ് ഔദ്യോഗികവിവരം. ഹുബൈയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈയില്‍ തിങ്കളാഴ്ച 10 പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ഹുബൈയില്‍ മരിച്ചവരുടെ എണ്ണം 76 ആയി. അതേസമയം, ഹുബൈയ്ക്ക് പുറത്ത് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിച്ചതില്‍ 461 പേരുടെ അതീവഗുരുതരമാണ്. തായ്‌ലന്‍ഡ്, യുഎസ്, ആസേ്ത്രലിയ എന്നിവിടങ്ങളിലായി 41 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് മൂലം രോഗബാധിതരായവര്‍ക്ക് പുറമെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതാണ് പുതിയ കൊറോണ വൈറസും പഴയ വൈറസും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ചൈനീസ് ആരോഗ്യമന്ത്രി വ്യക്തമാക്കി. അതിനിടെ, വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് വന്യജീവികളുടെ വില്‍പ്പന ചൈന നിരോധിച്ചു. ഫ്രാന്‍സും അമേരിക്കയും സംയുക്തമായി വുഹാനില്‍നിന്ന് പൗരന്‍മാരെ പ്രത്യേകവിമാനത്തില്‍ ചൊവ്വാഴ്ച മുതല്‍ നാട്ടിലേക്കെത്തിക്കും. രാജ്യത്ത് വ്യാപകമായി യാത്രാവിലക്ക് പ്രഖ്യാപിക്കുകയാണ്. നിലവില്‍ 12 നഗരങ്ങളിലാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്ന വുഹാന്‍ നഗരം എതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. 50 ലക്ഷത്തിലധികം ആളുകളാണ് ഇവിടെനിന്ന് പലായനം ചെയ്തത്. വുഹാനിലുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നും ആര്‍ക്കും അണുബാധ ഏറ്റിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയിലെ സ്ഥിതി അതീവഗുരുതരമാണെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് അധികൃതരുടെയും ലോകാരോഗ്യസംഘടനയുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അതിവേഗമാണ് ചൈനയില്‍ കോറോണാ വൈറസ് പടരുന്നത്. ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഇതുവരെ ഉണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്ഥമായി ഇപ്പോഴത്തെ വൈറസ് ശരീരത്തില്‍ കയറി, രോഗലക്ഷണങ്ങള്‍ പ്രകടമാവും മുമ്പ് വൈറസ് ബാധിതന്‍ രോഗാണുവാഹകനാവുന്നു എന്നതാണ് വെല്ലുവിളി. കൊറോണാ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുയാണ്.  

Tags:    

Similar News