വുഹാനിലെ കൊവിഡ് വ്യാപനം റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ജയിലില്‍ അടച്ച് ചൈന

മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, പ്രകോപനകരമായ രീതിയില്‍ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

Update: 2020-12-28 10:57 GMT

ബെയ്ജിങ്: വുഹാനില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് തല്‍സമയം ജനങ്ങളിലെത്തിച്ച മാധ്യമപ്രവര്‍ത്തകയെ ചൈനീസ് ഭരണകൂടം ജയിലില്‍ അടച്ചു. സിറ്റിസണ്‍ ജേണലിസ്റ്റ് ശാങ് ശാനെയാണ് നാലുവര്‍ഷം ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, പ്രകോപനകരമായ രീതിയില്‍ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. വുഹാന്‍ നഗരത്തില്‍ കൊവിഡ് ലോക്ക് ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്ത 37 കാരിയായ ശാങ് സാന്‍ കുറ്റക്കാരിയാണെന്ന് തിങ്കളാഴ്ച രാവിലെ ഷാങ്ഹായ് പുഡോങ് ന്യൂ ഏരിയ പീപ്പിള്‍സ് കോടതിയാണ് കണ്ടെത്തിയത്. ശാങ്ങിന്റെ അഭിഭാഷകനാണ് തടവിന് വിധിച്ചകാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ലോക്ക് ഡൗണ്‍ സമയത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ഘട്ടത്തിലും വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്ത ചുരുക്കം ചില പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് ശാങ് ശാന്‍. കൊവിഡ് പടരുന്ന സമയത്ത് ആശുപത്രികളിലെ തിരക്കും ശ്മശാനങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോവുന്നതും തല്‍സമയം അവര്‍ ജനങ്ങളിലെത്തിച്ചിരുന്നു. വുഹാനില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനീസ് സര്‍ക്കാര്‍ ആദ്യം കൈകാര്യം ചെയ്ത രീതിയെ ശാങ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ക്ക് മതിയായ വിവരങ്ങള്‍ കൈമാറാതെ നഗരം അധികാരികള്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കൊവിഡ് വൈറസിന്റെ പേരില്‍ വിചാരണ നേരിടുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകയാണ് ശാങ്.

എന്നാല്‍, വുഹാനില്‍ നിന്ന് റിപോര്‍ട്ട് ചെയ്ത മറ്റ് മൂന്ന് മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്യുഷി, ഫാങ് ബിന്‍, ലി സെഹുവ എന്നിവരെ ഫെബ്രുവരി മുതല്‍ കാണാതായിട്ടുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യസംഘടനയിലെ വിദഗ്ധരുടെ സംഘം വുഹാനിലെത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ശാങ്ങിനെതിരേ നടപടി തുടങ്ങിയത്. മെയ് പകുതി മുതല്‍ ഷാങ്ഹായിലെ പുഡോങ് ജില്ലയിലെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ തടവിലാക്കപ്പെട്ട ശാങ് ശാന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

വീല്‍ചെയറിലിരുന്ന് വിചാരണയില്‍ പങ്കെടുത്ത ശാങ് ശാന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന് അഭിഭാഷകന്‍ ഷാങ് കേക്കെ പറഞ്ഞു. മനുഷ്യാവകാശപ്രവര്‍ത്തകനും ഗാന്‍സു പ്രവിശ്യയിലെ മുന്‍ പോലിസ് ഉദ്യോഗസ്ഥനുമായ ലി ഡാവെ, സാങ്ങ്‌സാന് പിന്തുണയുമായി രംഗത്തെത്തി. രാവിലെ ഒമ്പത് മണിയോടെ കോടതിയിലെത്തിയ അദ്ദേഹം വിചാരണ നിരീക്ഷിക്കാനായി കോടതിമുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് തടഞ്ഞു.

Tags:    

Similar News