കൊവിഡ് പ്രതിരോധം; കാനഡ- അമേരിക്ക അതിര്‍ത്തി ഒരുമാസംകൂടി അടഞ്ഞുകിടക്കും

കാനഡ, അമേരിക്ക ഉദ്യോഗസ്ഥരുടെ പരസ്പര സമ്മതപ്രകാരമാണ് അതിര്‍ത്തി വഴിയുള്ള ഗതാഗത നിയന്ത്രണം നീട്ടുന്നത്.

Update: 2020-08-15 01:27 GMT

ഒട്ടാവ: കൊവിഡ് വ്യാപനം തടയുന്നതിനായി അടച്ചിട്ട കാനഡ- അമേരിക്ക അതിര്‍ത്തി പൂര്‍ണതോതില്‍ തുറക്കുന്നത് ഒരുമാസംകൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനം. അത്യാവശ്യമല്ലാത്ത യാത്രയ്ക്കായി സപ്തംബര്‍ 30 വരെ അതിര്‍ത്തി തുറക്കില്ലെന്ന് പൊതുസുരക്ഷാ മന്ത്രി ബില്‍ ബ്ലെയര്‍ വ്യക്തമാക്കി. കാനഡ, അമേരിക്ക ഉദ്യോഗസ്ഥരുടെ പരസ്പര സമ്മതപ്രകാരമാണ് അതിര്‍ത്തി വഴിയുള്ള ഗതാഗത നിയന്ത്രണം നീട്ടുന്നത്.

ഈമാസം 21 വരെയാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇരുരാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പുനപ്പരിശോധിച്ചത്. പുതിയ തീരുമാനപ്രകാരം, വിനോദയാത്രകള്‍ ഉള്‍പ്പെടെ മറ്റു യാത്രകള്‍ക്ക് സപ്തംബര്‍ 21 വരെയാണ് നിരോധനം.

ജനങ്ങളുടെ സുരക്ഷയ്ക്കായി ആവശ്യമായത് ഞങ്ങള്‍ ചെയ്യുമെന്നായിരുന്നു ബ്ലെയര്‍ ട്വീറ്റ് ചെയ്തത്. അതിര്‍ത്തി വഴിയുള്ള ഗതാഗതത്തിന് നിരോധനമുണ്ടെങ്കിലും അവശ്യതൊഴില്‍ മേഖലയില്‍പ്പെട്ട ട്രക്ക് ഡ്രൈവര്‍മാര്‍, ആരോഗ്യപരിപാലന വിദഗ്ധര്‍ എന്നിവര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുണ്ട്.

ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രയ്ക്ക് അനുമതി നല്‍കുന്നതിന് മുമ്പായി കൊവിഡ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്തുമെന്ന് കാനഡയിലെ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ ഡോ. തെരേസ ടാം പറഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിക്കുന്നു. കൊവിഡിന്റെ കാര്യത്തില്‍ കാനഡ ഇപ്പോള്‍ നല്ല നിലയിലാണെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Tags:    

Similar News