കനേഡിയന്‍ ഖനനതൊഴിലാളികള്‍ക്കുനേരേ ആക്രമണം; 37 പേര്‍ കൊല്ലപ്പെട്ടു

സൈനിക അകമ്പടിയോടെ സഞ്ചരിച്ച അഞ്ച് ബസ്സുകളടങ്ങിയ വാഹനവ്യൂഹത്തിനുനേരെ കിഴക്കന്‍ ബൗങ്കോവിലെ ഖനിയിലേക്കുള്ള വഴിയിലാണ് അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണമുണ്ടായത്.

Update: 2019-11-07 01:38 GMT

വാഗെദുഗു: കിഴക്കന്‍ ബുര്‍കിനഫാസോയില്‍ കനേഡിയന്‍ സ്വര്‍ണഖനന തൊഴിലാളികള്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരേ ഉണ്ടായ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 60 ലേറെ പേര്‍ക്ക് പരിക്കേറ്റെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കനേഡിയന്‍ മൈനിങ് കമ്പനിയായ സെമാഫോയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കമ്പനി വൃത്തങ്ങള്‍ തന്നെയാണ് ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. സൈനിക അകമ്പടിയോടെ സഞ്ചരിച്ച അഞ്ച് ബസ്സുകളടങ്ങിയ വാഹനവ്യൂഹത്തിനുനേരെ കിഴക്കന്‍ ബൗങ്കോവിലെ ഖനിയിലേക്കുള്ള വഴിയിലാണ് അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണമുണ്ടായത്.

രണ്ട് ഖനികള്‍ക്ക് സമീപം ആക്രമണങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സെമാഫോ സുരക്ഷ ശക്തമാക്കിയിരുന്നു. എത്ര സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരാനും സാധ്യതയുണ്ടെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. വാഹനവ്യൂഹം വന്ന വഴിയില്‍ കുഴിബോംബ് സ്‌ഫോടനമുണ്ടാവുകയും പിന്നാലെ അക്രമികള്‍ ബസ്സുകളെയും സൈനികരുടെ വാഹനങ്ങളെയും ലക്ഷ്യമാക്കി വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് റിപോര്‍ട്ട്.  

Tags:    

Similar News