ബ്രിട്ടന്‍ ആരോഗ്യ മന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംപിമാരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്.

Update: 2020-03-28 03:48 GMT

ലണ്ടന്‍:  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു പിന്നാലെ ആരോഗ്യ മന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക്കിനാണ് കൊറോണ സ്ഥിരീകരിച്ചത്. തനിക്കു ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും താന്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും മാറ്റ് ട്വീറ്റ് ചെയ്തു.

ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം പരിശോധനക്ക് വിധേയനായി. പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഭാഗ്യവശാല്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവാണ്. അതിനാല്‍ ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഹാന്‍കോക്ക് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ചാന്‍സിലര്‍ ഋഷി സുനാക്, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുടങ്ങിയ സീനിയര്‍ കാബിനറ്റ് മന്ത്രിമാര്‍ കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുമായും ചര്‍ച്ചകളിലേര്‍പ്പെടുകയും മണിക്കൂറുകളോളം അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധനകള്‍ക്കു വിധേയരാക്കും. മറ്റുള്ളവരുമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കാനും ഇവര്‍ക്ക് നിര്‍ദേശമുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംപിമാരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്.

ഇന്നലെ മാത്രം 181 പേരാണ് ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസഖ്യ 759 ആയി. രണ്ടായിരത്തിലേറെ ആളുകള്‍ക്ക് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചു. ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോള്‍ 14,579 ആണ്.

Tags:    

Similar News