ബോയിംങ് വിമാനത്തിന് തീപിടിച്ചു; അമേരിക്കയില്‍ വന്‍ വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്

Update: 2025-07-27 06:58 GMT

ന്യൂയോര്‍ക്ക്: പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. സമയോചിതമായി വിമാനം അടിയന്തര ലാന്‍ഡിംങ് നടത്തിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തിലാണ് സംഭവം. 179 യാത്രക്കാരുമായി പറന്നുയര്‍ന്ന് ബോയിംങ് വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. വിമാനത്തിന്റെ ലാന്‍ഡിംങ് ഗിയറിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് വിമാനത്തില്‍ നിന്ന്്തീയും പുകയും ഉയര്‍ന്നത്. ഇതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിംങ് നടത്തുകയായിരുന്നു.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ-3023 എന്ന് വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്ന് മിയാമിയിലേക്കാണ് വിമാനം സര്‍വ്വീസ് നടത്തേണ്ടിയിരുന്നത്. അപകടത്തെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കി. ബോയിംങ് 737 മാക്സ് 8 ശ്രേണിയില്‍പ്പെട്ടതാണ് വിമാനം. വിമാനത്തില്‍ 179 യാത്രക്കാരും ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

അതേസമയം, വിമാനത്തില്‍ തീപിടുത്തം ഉണ്ടായ സംഭവം ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്.എ.എ.) സ്ഥിരീകരിച്ചു.യാത്രക്കാരെ റണ്‍വേയില്‍ നിന്ന് ഒഴിപ്പിച്ച് ബസില്‍ ടെര്‍മിനിലേക്ക് കൊണ്ടുപോയെന്നും ഒരു യാത്രക്കാരന് ചെറിയ പൊള്ളലേറ്റതല്ലാതെ മറ്റ് പരിക്കുകള്‍ ഇല്ലെന്നും എഫ്.എ.എ. അറിയിച്ചു. വിമാനത്തിന്റെ ടയറുകളുടെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട് ഒരു തകരാറുണ്ടെന്ന് ബോയിംങ് വിമാനക്കമ്പനിയും അറിയിച്ചു.