ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലേക്ക്; ക്രമസമാധാന ചുമതല സൈന്യം ഏറ്റെടുത്തു

Update: 2018-12-18 17:08 GMT

ധക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ് 30ന് നടക്കാനിരിക്കെ അവാമി ലീഗും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും തിരഞ്ഞെടുപ്പു പത്രികകള്‍ പുറത്തിറക്കി. പ്രധാനമന്ത്രി ശെയ്ഖ് ഹസീനയാണ് അവാമി ലീഗിന്റെ പത്രിക പുറത്തിറക്കിയത്. 2009 മുതല്‍ തുടരുന്ന ഭരണത്തിലെ തെറ്റുകള്‍ അറിയിക്കാന്‍ ഹസീന ജനങ്ങളോട് ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായ വിഭജനവും അരാഷ്ട്രീയാവസ്ഥയും ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ അന്തരീക്ഷം നിലനില്‍ക്കുന്നതിനു ശക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ് പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു. ബംഗ്ലാദേശിനെ വികസനത്തിന്റെ രാജവീഥിയാക്കുമെന്നാണ് അവാമി ലീഗ് പ്രകടന പത്രികയില്‍ അവകാശപ്പെടുന്നത്.


പാര്‍ട്ടി നേതാവ് ഖാലിദ സിയ അഴിമതിക്കേസില്‍ 10 വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലായതിനാല്‍ സെക്രട്ടറി മിര്‍സാ ഫക്രുല്‍ ഇസ്്‌ലാം ആലംഗീറാണ് ബിഎന്‍പിയുടെ പത്രിക പ്രകാശനം ചെയ്തത്. ഒരാള്‍ രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ പ്രധാനമന്ത്രിയാവുന്നത് തടയുന്ന നിയമ ഭേദഗതി കൊണ്ടുവരുമെന്നാണു ബിഎന്‍പിയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനം. ഓരോ വോട്ടും ഖാലിദ സിയക്ക് പുതുജീവിതം നല്‍കുമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു. പ്രധാന പ്രതിപക്ഷ കക്ഷികളുടെ സഖ്യം തിങ്കളാഴ്ച തിരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

തിരഞ്ഞെടുപ്പു കമ്മീഷന്റെ റിപോര്‍ട്ട് പ്രകാരം 10 കോടി വോട്ടര്‍മാരാണ് ബംഗ്ലാദേശിലുള്ളത്. രാജ്യത്തെ ക്രമസമാധാന ചുമതല ചൊവ്വാഴ്ച്ച മുതല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.




Tags:    

Similar News