ലൈംഗിക പീഡന പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ തീവച്ചുകൊന്ന കേസ്; ബംഗ്ലാദേശില്‍ 16 പേര്‍ക്കു വധശിക്ഷ

നുസ്രത് ജഹാന്‍ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പരാതി പിന്‍വലിക്കാത്തതിനെത്തുടര്‍ന്ന് സഹപാഠികളടക്കമുള്ളവരാണ് നുസ്രത്തിനെ മണ്ണെണ്ണ ഒഴിച്ച് തീവച്ചത്.

Update: 2019-10-25 01:38 GMT

ധക്ക: പ്രധാനാധ്യാപകനെതിരേ ലൈംഗികപീഡന പരാതിനല്‍കിയ വിദ്യാര്‍ഥിനിയെ തീവച്ചുകൊന്ന കേസില്‍ ബംഗ്ലാദേശില്‍ 16 പേര്‍ക്ക് വധശിക്ഷ. നുസ്രത് ജഹാന്‍ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പരാതി പിന്‍വലിക്കാത്തതിനെത്തുടര്‍ന്ന് സഹപാഠികളടക്കമുള്ളവരാണ് നുസ്രത്തിനെ മണ്ണെണ്ണ ഒഴിച്ച് തീവച്ചത്. നുസ്രത്തിനെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍, ഭരണപക്ഷത്തുള്ള അവാമി ലീഗ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍, പെണ്‍കുട്ടികളടക്കമുള്ള സഹപാഠികള്‍ എന്നിവരാണ് പ്രതികള്‍.

ബംഗ്ലാദേശില്‍ ലൈംഗികാതിക്രമക്കേസില്‍ പ്രതികള്‍ക്ക് തക്കശിക്ഷ ലഭിക്കാത്തതിന് ഉദാഹരണമായി സാമൂഹികപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടിയ പ്രമാദമായ കേസുകളിലൊന്നാണ് ഇത്. സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. എന്നാല്‍, തീ വിഴുങ്ങുമ്പോഴും പടികള്‍ ഓടിയിറങ്ങിയ നുസ്രത്ത് ഫോണിലൂടെ നല്‍കിയ മരണമൊഴിയാണ് വഴിത്തിരിവായത്. കേസ് അതിവേഗ കോടതിയില്‍ 62 ദിവസംകൊണ്ടാണ് വിചാരണ നടത്തിയത്.

ധക്കയില്‍നിന്ന് 160 കിലോമീറ്ററോളം അകലെയുള്ള ഫെനി ഗ്രാമത്തിലാണ് നുസ്രത്ത് പഠിച്ചിരുന്നത്. മാര്‍ച്ച് 27നാണ് പ്രധാനാധ്യാപകന്‍ സിറാജുദ്ദൗള ഓഫിസ് മുറിയില്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുന്നത്. അടുത്തദിവസംതന്നെ അവള്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തി പോലിസില്‍ പരാതി നല്‍കി. എന്നാല്‍, പോലിസ് കേസ് ഗൗരവമായെടുത്തില്ലെന്ന് മാത്രമല്ല അവളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പ്രധാനാധ്യാപകന്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഏപ്രില്‍ ആറിന് പരീക്ഷയെഴുതാനെത്തിയ നുസ്രത്തിനെ മുതിര്‍ന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ ചേര്‍ന്ന് കെട്ടിടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിച്ചു. വഴങ്ങാതെ വന്നപ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. സഹോദരന്റെ മൊബൈലിലേക്ക് വിളിച്ച് നുസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഏപ്രില്‍ പത്തിനാണ് നുസ്രത്ത് മരിച്ചത്. 

Tags:    

Similar News