പീയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെ പുതിയ ഇന്ത്യന്‍ അംബാസഡറാവുമെന്ന് റിപോര്‍ട്ട്

അലോക് കുമാര്‍ സിന്‍ഹ വിരമിച്ചതിനുശേഷം മൂന്നുമാസമായി അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

Update: 2020-04-20 20:08 GMT

മനാമ: ബഹ്‌റൈനില്‍ പുതിയ ഇന്ത്യന്‍ അംബാസഡര്‍ നിയമനം ഉടനുണ്ടാവുമെന്ന് റിപോര്‍ട്ടുകള്‍. നിലവില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി സേവനം അനുഷ്ടിച്ചുവരുന്ന എച്ച് ഇ പീയൂഷ് ശ്രീവാസ്തവ പുതിയ അംബാസഡര്‍ സ്ഥാനത്തേക്ക് നിയമിതനാവുമെന്ന് ദി ഡെയ്‌ലി ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. അലോക് കുമാര്‍ സിന്‍ഹ വിരമിച്ചതിനുശേഷം മൂന്നുമാസമായി അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

ജനുവരി 30നാണ് സിന്‍ഹ വിരമിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ ഇന്ത്യന്‍ സ്ഥാനപതിയെ ഉടന്‍ നിയമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. 1988 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ (ഐഎഫ്എസ്) ശ്രീവാസ്തവ പ്രവേശിക്കുന്നത്. നേരത്തെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജര്‍മനി, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളിലും ഘാനയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.

രാഷ്ട്രീയം, വാണിജ്യം, സാമ്പത്തിക സഹകരണം, ഇന്‍ഫര്‍മേഷന്‍, മീഡിയ എന്നീ വിവിധ മേഖലകളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചുവന്നത്. ഇന്ത്യയുടെ സമീപസ്ഥലങ്ങളെക്കുറിച്ചും തെക്കുകിഴക്കന്‍ ഏഷ്യ, പസഫിക് എന്നീ മേഖലകളെക്കുറിച്ചും സാമ്പത്തിക നയതന്ത്രങ്ങളെക്കുറിച്ചും മികച്ച അനുഭവപരിജ്ഞാനമുള്ളയാളാണ് അദ്ദേഹം. ഐഐടി കാണ്‍പൂരില്‍നിന്ന് മെറ്റീരിയല്‍സ് ആന്റ് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്ങില്‍ ശ്രീവാസ്തവ എംടെക് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

Tags:    

Similar News