ആക്‌സിയം 4 വിക്ഷേപിച്ചു; ചരിത്ര നേട്ടവുമായി ശുഭാംശു ശുക്ല

Update: 2025-06-25 07:53 GMT

ലണ്ടന്‍: ആക്‌സിയം 4 വിക്ഷേപിച്ചു. കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്. ശുഭാംശു ശുക്ലയും സംഘവും14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

41 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ബഹിരാകാശ യാത്ര മാത്രമല്ലാ, 700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്‌പേസ് പര്യവേഷണവുമാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തിന് നിര്‍ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാര്‍ധക്യത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.

യാത്രയുടെ കമാന്‍ഡര്‍ അനുഭവസമ്പന്നയായ പെഗ്ഗി വിറ്റ്‌സന്‍ ആണ്. ഭൂമിയുടെ ഭ്രമണപഥമായ ലിയോയില്‍ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തുക . ഭ്രമണ പഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കന്‍ഡില്‍ ഏകദേശം 7.8 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക. 14 ദിവസം ഭൂമിയെ ചുറ്റാനുള്ള ദൗത്യമാണ് സംഘത്തിനുള്ളത്.


Tags: