മ്യാന്‍മര്‍ വീണ്ടും പട്ടാളഭരണത്തിലേയ്ക്ക്; ഓങ് സാന്‍ സൂചി അടക്കമുള്ളവര്‍ അറസ്റ്റില്‍

രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു. തലസ്ഥാനത്ത് ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ഭരണകക്ഷിയായ എന്‍എല്‍ഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.

Update: 2021-02-01 01:35 GMT

നയ്പിറ്റോ: മ്യാന്‍മര്‍ വീണ്ടും പട്ടാളഭരണത്തിലേക്ക്. ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റുചെയ്തു. ഭരണകക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കി. നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരെയും സൈന്യം തടഞ്ഞുവച്ചതായും റിപോര്‍ട്ടുകളുണ്ട്. രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു. തലസ്ഥാനത്ത് ഇന്റര്‍നെറ്റും വിച്ഛേദിച്ചു.

ഭരണകക്ഷിയായ എന്‍എല്‍ഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി വന്‍വിജയം നേടിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം. സൈനിക നടപടികളോട് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കരുതെന്ന് എന്‍എല്‍ഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

സൈന്യത്തിന്റെ അട്ടിമറിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാന്‍ താര്‍ മൈന്റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. യാങ്കോണിലും നയ്പിറ്റോയിലും സൈനികര്‍ തെരുവിലുണ്ടെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. സൈന്യവുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റിന്റെ ആദ്യസമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സൈന്യത്തിന്റെ അട്ടിമറിയുണ്ടായിരിക്കുന്നത്.

Tags:    

Similar News