അഫ്ഗാനില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ബസില്‍ സ്‌ഫോടനം; 10 മരണം

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസിനും സ്വാധീനമുള്ള പ്രദേശമാണ് ജലാലാബാദ്

Update: 2019-10-07 16:13 GMT

കാബൂള്‍: പശ്ചിമ അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ ആര്‍മി റിക്രൂട്ട്‌മെന്റിനെത്തിയവരുടെ ബസ്സിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. ബസ് കടന്നുപോവുന്നതിനിടെ ബോംബ് സ്ഥാപിച്ച മോട്ടോര്‍ സൈക്കിള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് നന്‍ഗര്‍ഹാര്‍ ഗവര്‍ണറുടെ വക്താവ് അതാഉല്ല ഖോഗ്‌യാനി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഒരു കുട്ടി ഉള്‍പ്പെടെ 10 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടെന്നു അദ്ദേഹം പറഞ്ഞു. ആര്‍മി റിക്രൂട്ട്‌മെന്റിനെത്തിയവര്‍ക്കും സാധാരണക്കാര്‍ക്കും എത്രപേര്‍ക്കാണ് പരിക്കേറ്റതെന്ന് കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസിനും നിര്‍ണായക സ്വാധീനമുള്ള പ്രദേശമാണ് ജലാലാബാദ്. 2001ലെ പെന്റഗണ്‍ ആക്രമണത്തെ തുടര്‍ന്ന് യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം തുടങ്ങിയതിന്റെ 18ാം വാര്‍ഷികത്തിലാണ് സ്‌ഫോടനം നടന്നത്.



Tags: