ധാക്ക: ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അവാമി ലീഗ് ഭരണകാലത്ത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 29 പേര്‍ക്കെതിരെയാണ് കേസ്. ജസ്റ്റിസ് എംഡി ഗോലം മോര്‍ട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഐസിടി ബെഞ്ച് രണ്ട് കേസുളാണ് പരിഗണിച്ചത്. അവാമി ലീഗ് ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ തടങ്കലില്‍ വയ്ക്കുന്നതിനും പീഡിപ്പിക്കുന്നതിനും സുരക്ഷാ ഏജന്‍സികളുടെ രഹസ്യ കേന്ദ്രങ്ങള്‍ ഉപയോഗിച്ചെന്നാണ് കേസ്.
ഭരണകക്ഷിയായിരുന്ന അവാമി ലീഗിന് അനുകൂലമാകുംവിധം സംവരണ നയം തിരുത്തിയതിനോടുള്ള പ്രതിഷേധമായി തുടങ്ങിയ വിദ്യാര്‍ഥി പ്രക്ഷോഭം പിന്നീട് രാഷ്ട്രീയ പ്രതിഷേധമാവുകയായിരുന്നു. ഹസീനയുടെ പിതാവ് കൂടിയായ മുജിബുര്‍ റഹ്‌മാന്റെ വീടും പ്രതിമയുമടക്കം തച്ചുടച്ച പ്രക്ഷോഭകര്‍ പിടികൂടും മുമ്പ് ഹസീന പ്രസിഡന്റിനെ കണ്ട് രാജി അറിയിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
2024 ആഗസ്ത് അഞ്ചിന് ഇന്ത്യയിലെത്തിയ ഹസീനയെ വിചാരണ നേരിടാനായി തിരിച്ചയക്കണമെന്ന് നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ട ഹസീനയ്‌ക്കെതിരെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളടക്കമുള്ള വകുപ്പുകള്‍ ചുമത്തി നിരവധി കേസുകളാണുള്ളത്.
