കമ്പനിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 20,000 ഓളം ജീവനക്കാര്‍ക്ക്: ആമസോണ്‍

അമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ഫ്രണ്ട് ലൈന്‍ ജീവനക്കാരുള്ള സ്ഥാപനത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധമാത്രമാണ് റിപോര്‍ട്ട് ചെയ്തതെന്ന് ആമസോണ്‍ വ്യക്തമാക്കി.

Update: 2020-10-02 05:35 GMT

ന്യൂയോര്‍ക്ക്: മാര്‍ച്ച് മുതല്‍ തങ്ങളുടെ കമ്പനിയിലെ ഏകദേശം 19,800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആമസോണ്‍. അമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ഫ്രണ്ട് ലൈന്‍ ജീവനക്കാരുള്ള സ്ഥാപനത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധമാത്രമാണ് റിപോര്‍ട്ട് ചെയ്തതെന്ന് ആമസോണ്‍ വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കുന്നതിന് കമ്പനി നല്‍കുന്ന സുരക്ഷയെക്കുറിച്ചും രോഗം ബാധിച്ച സഹപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കമ്പനി വിമുഖ കാണിക്കുന്നുവെന്നും ലോജിസ്റ്റിക് സെന്ററുകളിലെ ചില ജീവനക്കാര്‍ വിമര്‍ശനമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ കണക്കുകള്‍ പുറത്തുവിട്ടത്. 650 സൈറ്റുകളിലായി പ്രതിദിനം 50,000 ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നുണ്ട്.

കൊവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ ഞങ്ങളുടെ ജീവനക്കാരെ കൊവിഡ് വിവരങ്ങള്‍ അറിയിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ആമസോണ്‍ ജീവനക്കാര്‍ക്കിടയിലെ അണുബാധയുടെ നിരക്ക് സാധാരണ അമേരിക്കന്‍ ജനസംഖ്യയ്ക്ക് തുല്യമായിരുന്നുവെങ്കില്‍ കേസുകളുടെ എണ്ണം 33,000 ആവുമായിരുന്നുവെന്ന് ഒരു ബ്ലോഗ് പോസ്റ്റില്‍ കമ്പനി വ്യക്തമാക്കി.

Tags: