കൊവിഡ് വ്യാപനം: ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജൂണ്‍ വരെ നീട്ടി ആമസോണ്‍

ജനുവരി എട്ടുവരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാമെന്നായിരുന്നു ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, വൈറസ് വ്യാപനം നിയന്ത്രണവിധേയമാവാത്ത പശ്ചാത്തലത്തിലാണ് ഓഫിസിലെത്തി ജോലി ചെയ്യുന്നതിനുള്ള കാലാവധി നീട്ടിവയ്ക്കാന്‍ ആമസോണ്‍.കോം തീരുമാനിച്ചത്.

Update: 2020-10-21 10:50 GMT

വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണ്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജൂണ്‍ വരെ നീട്ടി. ജനുവരി എട്ടുവരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാമെന്നായിരുന്നു ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, വൈറസ് വ്യാപനം നിയന്ത്രണവിധേയമാവാത്ത പശ്ചാത്തലത്തിലാണ് ഓഫിസിലെത്തി ജോലി ചെയ്യുന്നതിനുള്ള കാലാവധി നീട്ടിവയ്ക്കാന്‍ ആമസോണ്‍.കോം തീരുമാനിച്ചത്.

വീട്ടിലിരുന്ന് ഫലപ്രദമായി ചെയ്യാന്‍ 2021 ജൂണ്‍ 30 വരെ ജീവനക്കാരെ സ്വാഗതം ചെയ്യുന്നുവെന്ന് ആമസോണ്‍ വക്താവ് ചൊവ്വാഴ്ച ഇ- മെയില്‍ ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയിലെ 19,000ലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു. പകര്‍ച്ചവ്യാധി സമയത്ത് വെയര്‍ഹൗസുകള്‍ തുറക്കുന്നത് വഴി ആമസോണ്‍ ജീവനക്കാരുടെ ആരോഗ്യം അപകടത്തിലാവുവെന്ന് ചില ഉദ്യോഗസ്ഥരും യൂനിയനുകളും ചൂണ്ടിക്കാട്ടിയിരുന്നു.

സാമൂഹിക അകലം, താപനില പരിശോധന, മാസ്‌ക് നിര്‍ബന്ധമാക്കല്‍, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം, അണുവിമുക്തമാക്കല്‍ എന്നിവയിലൂടെ ഓഫിസില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഇതിനായി പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇവര്‍ക്കും ബാധകമാക്കിയിട്ടുണ്ട്.

Tags: