ട്രംപിന് കനത്ത തിരിച്ചടി; 'ഇറാന്‍ ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല, ഈ യുദ്ധം അംഗീകരിക്കാന്‍ കഴിയില്ല'; യുഎസ് ഭീകരവിരുദ്ധ വിഭാഗം മേധാവി രാജിവച്ചു

Update: 2026-03-17 16:26 GMT

വാഷിങ്ടണ്‍: ഇറാനെതിരായ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) ഡയറക്ടര്‍ ജോ കെന്റ് രാജിവച്ചു. രാജിക്കത്ത് അദ്ദേഹം ട്രംപിനു കൈമാറി. ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം ട്രംപ് ഭരണകൂടത്തില്‍ നിന്നു രാജി വയ്ക്കുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്.

ഇറാനെതിരായ ഈ യുദ്ധം മനഃസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ഇറാന്‍ നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ല. ഇസ്രായേലിന്റേയും അതിന്റെ ശക്തമായ യുഎസ് ലോബിയുടേയും സമ്മദ്ദം മൂലമാണ് നമ്മള്‍ ഈ യുദ്ധം ആരംഭിച്ചത്. രാജിക്കത്തില്‍ ജോ വ്യക്തമാക്കി.

യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഒരു ഏജന്‍സിയാണ് എന്‍സിടിസി. ഭീകരവാദ ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുകയും അവ തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയുമാണ് ഏജന്‍സിയുടെ പ്രധാന ലക്ഷ്യം.

ട്രംപ് ഭരണകൂടത്തിനു കീഴില്‍ 2025 ജൂലൈയിലാണ് എന്‍സിടിസി ഡയറക്ടറായി ജോ കെന്റ് ചുമതലയേറ്റത്. നേരത്തെ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ജോ കെന്റ്.







Tags: