സൊമാലിയന്‍ തീരത്തിന് സമീപം 15 ഇന്ത്യക്കാരടങ്ങിയ ചരക്ക് കപ്പല്‍ തട്ടിക്കൊണ്ടുപോയി
സൊമാലിയന്‍ തീരത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം 15 ഇന്ത്യക്കാരടങ്ങിയ ചരക്ക് കപ്പല്‍ തട്ടിക്കൊണ്ടുപോയി. ലൈബീരിയയുടെ പതാക ഘടിപ്പിച്ച ബള്‍ക്ക് കാരിയര്‍ ഷിപ്പായ 'എംവി ലില നോര്‍ഫോക്ക്' എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ കപ്പലിനായി തിരച്ചില്‍ ആരംഭിച്ചതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു. കടല്‍ക്കൊള്ളയ്ക്ക് പേരുകേട്ട പാതയില്‍ വെച്ചാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ തട്ടിക്കൊണ്ടുപോയതായുള്ള വിവരം വ്യാഴാഴ്ച വൈകുന്നേരമാണ് നാവികസേനയ്ക്ക് ലഭിക്കുന്നത്. ഉടന്‍തന്നെ നാവികസേനയുടെ കപ്പല്‍ തിരച്ചിലിനായി രംഗത്തിറങ്ങി.
കൂടാതെ, പ്രദേശത്ത് ഇന്ത്യന്‍ നാവികസേന വിമാനങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിരിയ്ക്കുകയാണ്. . ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിലെ ജീവനക്കാരുമായി നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്താന്‍ സാധിച്ചുവെന്നും നാവികസേന കപ്പലിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സാഹചര്യങ്ങള്‍ വിലയിരുത്തുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ തുടര്‍ച്ചയായ നിരീക്ഷണത്തിലാണെന്നും ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ കപ്പലിന് സമീപത്തേക്ക് എത്തുകയാണ് എന്നും മള്‍ട്ടിനാഷണല്‍ ഫോഴ്സും ഉള്‍പ്പെടെ തിരച്ചിലിനായി രംഗത്തുണ്ട് എന്നും ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി. അതേസമയം, ആറോളം സായുധ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കപ്പലില്‍ പ്രവേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതി ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നിരവധി തവണ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
