റൊമാനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് സൈനികര്‍ മരിച്ചു

Update: 2022-03-04 02:08 GMT

ബുക്കാറെസ്റ്റ്: കിഴക്കന്‍ റുമേനിയയില്‍ കരിങ്കടലിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ മരിച്ചു. എയര്‍ഫീല്‍ഡില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ ഗുരാ ദൊബ്രോഗെയില്‍ ഐഎആര്‍ 330 പ്യൂമ ഹെലികോപ്്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു അപകടം. അടുത്തിടെ നടന്ന ഏറ്റവും വലിയ വ്യോമദുരന്തങ്ങളില്‍ ഒന്നാണിത്. ആശയവിനിമയം നഷ്ടപ്പെട്ട് റഡാറില്‍നിന്ന് അപ്രത്യക്ഷമായ രണ്ട് മിഗ്-21 ലാന്‍സ് ആര്‍ വിമാനങ്ങളെ തിരയുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്- പ്രതിരോധ മന്ത്രാലയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

തൊട്ടുപിന്നാലെ ജെറ്റ് കണ്‍ട്രോള്‍ ടവറുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെടുകയും റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. മിഗ് 21 ലാന്‍സ്ആര്‍ വിമാനത്തിന്റെ പൈലറ്റിന് വേണ്ടിയുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അഞ്ച് ക്രൂ അംഗങ്ങള്‍ക്ക് പുറമേ റൊമാനിയന്‍ നാവിക സേനയില്‍ നിന്നുള്ള രണ്ട് കടല്‍ രക്ഷാപ്രവര്‍ത്തകരും കപ്പലിലുണ്ടായിരുന്നു. പൈലറ്റ് പ്രതികൂല കാലാവസ്ഥ റിപോര്‍ട്ട് ചെയ്തതിനാല്‍ തിരികെ മടങ്ങാന്‍ ഉത്തരവിട്ടതായി മന്ത്രാലയ വക്താവ് ജനറല്‍ കോണ്‍സ്റ്റാന്റിന്‍ സ്പാനു പറഞ്ഞു.

പ്രതികൂലമായ കാലാവസ്ഥ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഇപ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ല- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് അന്വേഷണ കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ ശ്രദ്ധ തിരച്ചില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്- അദ്ദേഹം പറഞ്ഞു. MiG 21 LanceR ന്റെ തകരാര്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. 2018ല്‍ രാജ്യത്തിന്റെ തെക്കുകിഴക്ക് എയര്‍ഷോയ്ക്കിടെ മിഗ് 21 ലാന്‍സര്‍ യുദ്ധവിമാനം തകര്‍ന്ന് റൊമാനിയന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് മരിച്ചിരുന്നു.

Tags: