ഖാര്‍ത്തും: സുഡാനിലെ കൊര്‍ദോഫാന്‍ മേഖലയിലുള്ള കലോകി പട്ടണത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 33 കുട്ടികള്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ വിദ്യാലയത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സൈന്യവുമായി പോരാടുന്ന അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സാണ് (ആര്‍എസ്എഫ്) ആക്രമണത്തിനു പിന്നിലെന്ന് സുഡാന്‍ സൈന്യം ആരോപിച്ചു. ആര്‍എസ്എഫിന്റെ പ്രതികരണവും വന്നിട്ടില്ല.
സൈന്യവും ആര്‍എസ്എഫും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 2023 ഏപ്രിലിലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്. ജനറല്‍ അബ്ദെല്‍ ഫത്താഹ് അല്‍-ബുര്‍ഹാന്‍ നയിക്കുന്ന എസ്എഎഫും ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോ (ഹെമെദ്തി) നയിക്കുന്ന ആര്‍എസ്എഫും തമ്മില്‍ അധികാരത്തിനുവേണ്ടിയാണ് പോരാട്ടം നടക്കുന്നത്.
സുഡാനിലെ എല്‍ ഫാഷര്‍ നഗരം പിടിച്ചെടുത്തതോടെയാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് കൊടിയ ക്രൂരതകള്‍ നടത്തിയത്. 12 ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തു. സാധാരണ ജനങ്ങള്‍ക്കെതിരെ വ്യാപകമായ അതിക്രമങ്ങള്‍ ഇരുകൂട്ടരും നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുരുഷന്‍മാരെ മാറ്റിനിര്‍ത്തി വെടിയുതിര്‍ത്ത ആര്‍എസ്എഫ് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. മിക്ക പ്രദേശങ്ങളും പട്ടിണിയിലാണ്. രാജ്യത്തെ ആരോഗ്യ സംവിധാനം പൂര്‍ണമായി തകര്‍ന്നു.