എത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും മണ്ണിടിഞ്ഞ് 229 മരണം

Update: 2024-07-23 18:13 GMT

തെക്കന്‍ എത്യോപ്യയില്‍ മണ്ണിടിഞ്ഞ് 229 പേര്‍ കൊല്ലപ്പെട്ടു. ആദ്യ മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കവെ രണ്ടാമതും മണ്ണിടിഞ്ഞതാണ് കൂടുതല്‍പേര്‍ മരിക്കാന്‍ കാരണം. 229 പേരുടെ മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയുമായാണ് മണ്ണിടിച്ചിലുണ്ടായത്. ഗോഫ മേഖലയിലെ പേമാരിയാണ് മണ്ണിടിച്ചിലിന് കാരണമായത്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണെങ്കിലും മരണ സംഖ്യ വര്‍ധിച്ചേക്കാമെന്നും അധികൃതര്‍ പറഞ്ഞു. ആദ്യ മണ്ണിടിച്ചിലിനു ശേഷം നൂറു കണക്കിനാളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഇതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഒരു മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞു വീണാണ് ദുരന്തമുണ്ടായതെന്ന് ഗോസ മേഖല ചീഫ് അഡ്മിനിസ്ട്രേറ്റര്‍ ദാഗ് മാവി അയേലെ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടും. 10 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ഞായറാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് ആദ്യ മണ്ണിടിച്ചിലുണ്ടായതെന്ന് പോലീസ് പറഞ്ഞു.

തൊട്ടടുത്തുള്ള പ്രദേശത്തെ അധ്യാപകരും നാട്ടുകാരുമാണ് ഇവിടെ തിരിച്ചലിനെത്തിയത്. ഈ സമയം വീണ്ടും കനത്ത മണ്ണിടിച്ചിലുണ്ടായി. 229 പേരുടെ മൃതദേഹം കണ്ടെടുത്തതായി ഗോഫ ദുരന്ത നിവാരണ മേധാവി മാര്‍കോസ് മെലീസ് പറഞ്ഞു. എത്യോപ്യ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന്320 കി.മി തെക്കുപടിഞ്ഞാറ് ആണ് ഗോഫ.

കാലാവസ്ഥാ വ്യതിയാനം മൂലം എത്യോപ്യയില്‍ ഈയിടെയായി കനത്ത മഴയും പ്രളയവും പതിവാണ്. 2016 ല്‍ ഇവിടെയുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ 50 പേര്‍ മരിച്ചിരുന്നു. തെക്കന്‍ എത്യോപ്യയിലാണ് അന്ന് കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലുമുണ്ടായത്.




Tags: