ടാന്‍സാനിയയില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 14 മരണം, 22 പേര്‍ക്ക് പരിക്ക്

Update: 2022-01-04 01:37 GMT

ഡോഡോമ: ആഫ്രിക്കന്‍ രാജ്യമായ തെക്കന്‍ ടാന്‍സാനിയയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് രാജ്യത്തിന്റെ പ്രസിഡന്‍ഷ്യല്‍ ഓഫിസ് അറിയിച്ചു. തെക്കുകിഴക്കന്‍ മത്‌വാര മേഖലയിലെ ലിഡുംബെ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. ഗ്രാമത്തില്‍ ഒരു ആചാരപരമായ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ജനക്കൂട്ടത്തിനുനേരെ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു, രാത്രി 8:30 നാണ് അപകടമുണ്ടായതെന്ന് മത്‌വാര റീജ്യനല്‍ പോലിസ് കമാന്‍ഡര്‍ പറഞ്ഞു. അപകടത്തിനുശേഷം ട്രക്ക് ഡ്രൈവര്‍ അടുത്തുള്ള ഇന്ധനം നിറയ്ക്കുന്ന സ്‌റ്റേഷനിലേക്ക് വാഹനം ഓടിച്ചുകയറ്റിയിട്ട് കടന്നുകളഞ്ഞു.

ട്രക്ക് ഡ്രൈവര്‍ക്കായി പോലിസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. നെവാല ടൗണില്‍നിന്ന് മഹൂതയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്ന് നെവാല ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മുഹമ്മദ് ഹലീഫ മുഹമ്മദ് പറഞ്ഞു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പ്രസിഡന്‍ഷ്യല്‍ ഓഫിസ് വ്യക്തമാക്കി. ട്രക്ക് ഡ്രൈവറാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു- പ്രാദേശിക പോലിസ് മേധാവിയെ ഉദ്ധരിച്ച് ഓഫിസ് കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Tags:    

Similar News