മെക്‌സിക്കോയില്‍ ബാറില്‍ വെടിവയ്പ്പ്: നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

ബാറിലേക്ക് ഇരച്ചെത്തിയ ആയുധധാരികള്‍ നിറയൊഴിക്കുകയായിരുന്നു. മരിച്ച നാലുസ്ത്രീകള്‍ ബാറില്‍ നര്‍ത്തകരായി ജോലിചെയ്തിരുന്നവരാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2020-09-28 06:52 GMT

മെക്‌സിക്കോ സിറ്റി: മധ്യ മെക്‌സിക്കോ സംസ്ഥാനമായ ഗ്വാന്‍ജുവാറ്റോയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ജാരല്‍ ഡെല്‍ പ്രോഗ്രെസോ പട്ടണത്തിനടുത്തുള്ള ബാറിലാണ് അക്രമമുണ്ടായത്. ബാറിലേക്ക് ഇരച്ചെത്തിയ ആയുധധാരികള്‍ നിറയൊഴിക്കുകയായിരുന്നു. മരിച്ച നാലുസ്ത്രീകള്‍ ബാറില്‍ നര്‍ത്തകരായി ജോലിചെയ്തിരുന്നവരാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ബാറില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയതായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. മയക്കുമരുന്ന് സംഘമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ആക്രമണത്തിന് കാരണം സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു. അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറുന്ന സംസ്ഥാനമാണ് മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോ. സംസ്ഥാനത്തൊട്ടാകെയുള്ള കൊലപാതകങ്ങള്‍ ജൂലൈയില്‍ 403 ആയിരുന്നത് ആഗസ്തില്‍ 339 ആയി കുറഞ്ഞു.

Tags: