ഡസ്റ്റിങ് ചാലഞ്ച് തിരിച്ചടിയായി; ഹൃദയാഘാതം വന്ന് 19കാരി മരിച്ചു

Update: 2025-06-08 06:28 GMT

വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായ ഡസ്റ്റിങ് ചാലഞ്ച് പരീക്ഷിച്ച കൗമാരക്കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ അരിസോന സ്വദേശിയായ 19 വയസ്സുകാരി റെന്ന ഒ റോര്‍ക്കിയാണ് ഡസ്റ്റിങ് എന്നും ക്രോമിങ് എന്നും പേരുള്ള ചാലഞ്ച് പരീക്ഷിച്ചതിനു പിന്നാലെ മരിച്ചത്. കീ ബോര്‍ഡ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പ്രേ ശ്വസിച്ചുകൊണ്ടുള്ള ചാലഞ്ചാണ് ഡസ്റ്റിങ്. സമൂഹമാധ്യമത്തില്‍ വിഡിയോകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ചിലര്‍ ഇതു ചാലഞ്ചായി പ്രചരിപ്പിച്ചിരുന്നു.

ഇത് അനുകരിച്ച് സ്‌പ്രേ ശ്വസിച്ചതിനെ തുടര്‍ന്ന് റെന്നയ്ക്ക് ഹൃദയാഘാതമുണ്ടായി. ഒരാഴ്ചയോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ റെന്നയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡസ്റ്റിങ് ചാലഞ്ച് വലിയ അപകടമാണെന്നും സ്‌പ്രേയിലെ രാസവസ്തുക്കള്‍ ശ്വാസകോശത്തിലെയും ശരീരത്തിലെയും ഓക്‌സിജനെ ഇല്ലാതാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത് കരള്‍, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.